Ranjith Sankar : 'ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമോ?' അപൂർവ ഒത്തുചേരലിനെ കുറിച്ച് രഞ്‍ജിത് ശങ്കര്‍

By Web Team  |  First Published Mar 4, 2022, 2:47 PM IST

ഇത് ഇന്ത്യൻ സിനിമയില്‍ തന്നെ ആദ്യമാണോയെന്ന് രഞ്‍ജിത് ശങ്കര്‍ (Ranjith Sankar) ചോദിക്കുന്നു.
 


മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വം' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകൻ ദുല്‍ഖറിന്റെ തമിഴ് ചിത്രം 'ഹേ സിനാമിക'യും കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെയും മകൻ പ്രണവ് മോഹൻലാലിന്റെയും ചിത്രങ്ങളായ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും' 'ഹൃദയ'വും തിയറ്ററുകളില്‍ ഉള്ളത് കണക്കിലെടുക്കുമ്പോള്‍ ഒരു അപൂര്‍വത കൂടിയാകുന്നു.

ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് സംവിധായകൻ രഞ്‍ജിത് ശങ്കര്‍ (Ranjith Sankar)ചോദിക്കുന്നത്. അപൂർവഒത്തുചേരലുകൾ എന്നും എഴുതിയ രഞ്‍ജിത് ശങ്കര്‍ നാല് ചിത്രങ്ങളുടെയും ഫോട്ടോകളും പങ്കുവയ്‍ക്കുന്നു. രഞ്‍ജിത് ശങ്കര്‍ പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രണവ് മോഹൻലാല്‍ ചിത്രം 'ഹൃദയം' ജനുവരി 21ന് തിയറ്ററുകളില്‍ എത്തിയെങ്കിലും വൻ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനാലാണ് ഇങ്ങനെയൊരു അപൂര്‍വതയ്‍ക്ക് കാരണമായത്.

Latest Videos

മലയേളത്തിലേതല്ല, ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ ഇതിനകം തന്നെ ഒട്ടനവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായി. സമീപ വര്‍ഷങ്ങളില്‍ സിനിമയില്‍ നായകനായി എത്തിയ പ്രണവ് ആദ്യ സൂപ്പര്‍ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് ഹൃദയത്തിലൂടെ. ദുല്‍ഖറും പ്രണവും സിനിമയില്‍ നായകരായി നിറഞ്ഞാടുമ്പോഴും മമ്മൂട്ടിയും മോഹൻലാലും അതേ ആവേശത്തോടെ നായകരായി തുടരുന്നുവെന്നതാണ് പ്രത്യേകതയും.

വിനീത് ശ്രീനിവാസനാണ് ഹൃദയം സംവിധാനം ചെയ്‍തത്. പാട്ടുകള്‍കൊണ്ട് സമ്പന്നമായ ചിത്രം പ്രണവ് മോഹൻലാലിന് പ്രേക്ഷകപ്രീതി നേടിക്കൊടുത്തു.  ഫെബ്രുവരി 18നാണ് മോഹൻലാല്‍ ചിത്രം നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് റിലീസ് ചെയ്‍തത്. ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തിലുള്ള ചിത്രം മോഹൻലാലിന് വീണ്ടും ഒരു സൂപ്പര്‍ഹിറ്റ് നേടിക്കൊടുത്തിരിക്കുകയാണ്. വര്‍ഷങ്ങളായി ഇന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരഭമാണ് ദുല്‍ഖര്‍ നായകനായ 'ഹേ സിനാമിക'. അതിമനോഹരമായ ഒരു ചിത്രം തുടക്കത്തില്‍ തന്നെ ബൃന്ദ മാസ്റ്റര്‍ എത്തിക്കാനായി എന്നാണ് അഭിപ്രായങ്ങള്‍.

അമല്‍ നീരദ് സംവിധാനം ചെയ്‍ത 'ഭീഷ്‍മ പര്‍വ'ത്തിലൂടെ സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വ'ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.

Read More : നിറഞ്ഞാടുന്ന മമ്മൂട്ടി, 'ഭീഷ്‍മ പര്‍വം' റിവ്യു

ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമായ 'പുഴു'വെന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത്. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 'ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലിജോ പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും നിര്‍വഹിച്ചത് തേനി ഈശ്വര്‍ ആയിരുന്നു.

click me!