'കേള്‍ക്കാത്ത ശബ്‍ദ'ത്തില്‍ മോഹൻലാല്‍ അഭിനയിച്ച രംഗത്തിന്റെ വീഡിയോയും സംവിധായകൻ ബാലചന്ദ്ര മേനോൻ പങ്കുവച്ചിരിക്കുന്നു.
പ്രണവ് മോഹൻലാല്‍ നായകനായ ചിത്രം 'ഹൃദയം' (Hridayam) ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 'ഹൃദയം' ഒടിടിയിലും റിലീസ് ചെയ്‍തതിനാല്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ 'ഹൃദയ'ത്തിനും തന്റെ ഒരു ചിത്രത്തിലും ഉപയോഗിച്ച ഒരു ഘടകത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബാലചന്ദ്ര മേനോൻ (Balachandra Menon).
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത് 1982ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'കേള്‍ക്കാത്ത ശബ്‍ദം'. മോഹൻലാലായിരുന്നു ബാലചന്ദ്ര മേനോൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയില്‍ താൻ ഉപയോഗിച്ച ഒരു ടെക്നിക് 'ഹൃദയ'ത്തിലും കാണാമെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. ഹൃദയത്തിലെ ഒരു ട്രെയിലര്‍ താൻ കണ്ടു. അതിനകത്ത് പ്രണവും ദര്‍ശന എന്ന കുട്ടിയും കാണുന്ന രംഗമുണ്ട്. പ്രണവ് ദര്‍ശനയോട് പറയുന്ന ഒരു ടെക്നിക് ഉണ്ട്. ഇത് ഞാൻ 'കേള്‍ക്കാത്ത ശബ്‍ദ'ത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്ന് ഓര്‍മ വന്നപ്പോള്‍ വലിയ ത്രില്ലായി. നാല്‍പത് വര്‍ഷം മുമ്പ് താൻ ഉപയോഗിച്ച ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്‍മെന്റ് ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ കാണുകയെന്ന് പറയുമ്പോള്‍ അങ്ങേയറ്റം സന്തോഷമുണ്ടായി. നമ്മുടെ ചിന്തകള്‍ക്ക് വീണ്ടും ഒരു പ്രസക്തിയുണ്ടെന്ന് വരുമ്പോള്‍ നിങ്ങളുമായി പങ്കുവയ്‍ക്കണമെന്ന് തോന്നി. അനുനരണങ്ങള്‍ പോലെയാണ്. പ്രണവിനെയും വിനീത് ശ്രീനിവാസനെയും താൻ അഭിനന്ദിക്കുന്നുവെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. 'ഈ പച്ചസാരി നല്ല ചേര്‍ച്ചയുണ്ട്, പൂര്‍ണിമയ്‍ക്ക് നിറമുള്ളതോണ്ടാ' എന്ന് മോഹൻലാല്‍ 'കേള്‍ക്കാത്ത ശബ്‍ദ'ത്തില്‍ പറയുന്ന രംഗവും ചേര്‍ത്തുള്ള വീഡിയോ ബാലചന്ദ്ര മേനോൻ പങ്കുവെച്ചിട്ടുണ്ട്.
'കേള്‍ക്കാത്ത ശബ്‍ദം' എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രമായിരുന്നു മോഹൻലാല്‍ അവതരിപ്പിച്ചത്. നെടുമുടി വേണു ആയിരുന്നു ചിത്രത്തില്‍ നായക കഥാപാത്രമായി എത്തിയത്. ബാലചന്ദ്ര മേനോൻ തന്നെ ചിത്രത്തിന് തിരക്കഥ എഴുതി. ജോണ്‍സണ്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
Read More : സ്‍ക്രീനിലെ പ്രണവ്- കല്യാണി കെമിസ്ട്രി; ഹൃദയം വീഡിയോ സോംഗ്
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. 'ദര്‍ശന'യെന്ന ഗാനം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഹിറ്റുകളില്‍ ഒന്നായി മാറി. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് അഭിപ്രായങ്ങൾ.