ദിലീഷ് പോത്തന്‍ പിന്തുണച്ചു, 'ഒ. ബേബി' സിനിമയായി; രഞ്ജൻ പ്രമോദ് പറയുന്നു

By abhijith vm  |  First Published May 29, 2023, 5:25 PM IST

രഞ്ജൻ പ്രമോദിനെ, 'ഒ. ബേബി' ചെയ്യാന്‍ പ്രേരിപ്പിച്ചത് ദിലീഷ് പോത്തന്‍റെ ഒരു ഫോൺ കോള്‍ ആണ്. അന്നേരം പിന്നിൽ നിന്ന് ഉന്താൻ ഒരാളെ കാത്തിരിക്കുകയായിരുന്നു രഞ്ജൻ.


കാറ്റത്തെ തൂവൽ പോലെയെന്നാണ് സ്വന്തം ജീവിതത്തിന്‍റെ ഒഴുക്കിനെ രഞ്ജൻ പ്രമോദ് വിശേഷിപ്പിക്കുന്നത്. വലിയ ലക്ഷ്യങ്ങളില്ല, സ്വപ്‍ന പദ്ധതികളില്ല, ഓരോ വര്‍ഷവും അച്ചീവ് ചെയ്യേണ്ട ടാര്‍ഗറ്റുകളില്ല, ആളുകള്‍ മറന്നുപോകുമോയെന്ന പേടിയുമില്ല.

രക്ഷാധികാരി ബൈജു ഒപ്പ് (2017) എന്ന സിനിമയെടുത്ത് ഷോ ബിസിനസിൽ നിന്ന് ഇടവേളയെടുത്തതാണ് രഞ്ജൻ പ്രമോദ്. മുൻപ്, 2006-ൽ ആദ്യ സംവിധാന സംരംഭം 'ഫോട്ടോഗ്രാഫര്‍' പൂര്‍ത്തിയാക്കി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രഞ്ജൻ അടുത്ത സിനിമ ചെയ്തത്. ഇത്തവണ തിരികെ വരുമ്പോള്‍ കൈവശം ഒരു ത്രില്ലര്‍ സിനിമയാണ്. പേര് 'ഒ. ബേബി'. നായകൻ ദിലീഷ് പോത്തന്‍.

Latest Videos

undefined

രഞ്ജൻ പ്രമോദിനെ, 'ഒ. ബേബി' ചെയ്യാന്‍ പ്രേരിപ്പിച്ചത് ദിലീഷ് പോത്തന്‍റെ ഒരു ഫോൺ കോള്‍ ആണ്. അന്നേരം പിന്നിൽ നിന്ന് ഉന്താൻ ഒരാളെ കാത്തിരിക്കുകയായിരുന്നു രഞ്ജൻ. വലിയ ക്യാൻവാസിൽ എത്തുന്ന ഒ. ബേബിയുടെ ഒരു പ്രൊഡ്യൂസറും ദിലീഷ് പോത്തനാണ്. രഞ്ജൻ പ്രമോദ് സംസാരിക്കുന്നു, സിനിമയെയും ജീവിതത്തെയും കുറിച്ച്.

ഒ. ബേബി ഒരു 'ഇന്‍റൻസ് ആക്ഷൻ ഡ്രാമ' എന്ന സ്വയം വിശേഷണത്തോടെയാണ് എത്തുന്നത്. നായകനാകുന്നത് ദിലീഷ് പോത്തൻ. വളരെ വാണിജ്യമൂല്യമുള്ള താരങ്ങള്‍ മറ്റാരും ഇല്ല. എന്താണ് ഈ സിനിമയുടെ പരിസരം?

പ്രധാനമായും ഉദ്വേഗമുള്ള ഒരു സിനിമയാകണം ഇത് എന്നതായിരുന്നു ചിന്തിച്ചത്. പതിവായി കണ്ടു പരിചയിച്ചിട്ടുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു വിഷ്വൽ പാറ്റേൺ, വിഷ്വൽ സ്കീം ഇതിലുണ്ട്. ഇതൊരു ഡ്രാമ ത്രില്ലര്‍ ഫിലിം ആണ്. ബേബി എന്ന ടൈറ്റിൽ ക്യാരക്റ്റര്‍ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്. ഇതിനകത്ത് വിപണനമൂല്യമുള്ള താരങ്ങളില്ല എന്നത് പോരായ്മയാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു അഡീഷണലായിട്ടുള്ള യു.എസ്‍.പിയായിട്ടാണ് ഞാൻ കരുതുന്നത്.

ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഒരു ഏലത്തോട്ടം ആണ് നമ്മള്‍ കാണുന്ന പശ്ചാത്തലം. അതുകൊണ്ട് തന്നെ ഇതൊരു ഇടുക്കി, ഹൈറേഞ്ച് മേഖലയിൽ നടക്കുന്ന കഥയാണെന്ന് തോന്നുന്നുണ്ട്. മലയോര മേഖലയാണോ സിനിമയുടെ പശ്ചാത്തലം?

കഥയുടെ വിശദാംശങ്ങള്‍ കൂടുതൽ പറയാൻ പറ്റില്ല. ഇത് ഇടുക്കിയിൽ നടക്കുന്ന ഒരു കഥയാണ് എങ്കിലും ഇടുക്കിയിൽ നടക്കുന്ന കഥ എന്ന നിലയ്ക്ക് അല്ല ട്രീറ്റ് ചെയ്തിരിക്കുന്നത്. ഇത് എവിടെ വേണമെങ്കിലും നടക്കാം. ഗ്ലോബലി തന്നെ എവിടെ വേണമെങ്കിലും നടക്കാം. ഇതിന് ഒരു പൊളിറ്റിക്കൽ ലെയര്‍ ഉണ്ട്, ഒരു റൊമാന്‍റിക് സ്റ്റോറിയുണ്ട്. ആക്ഷനുണ്ട്. അഡ്വഞ്ചര്‍ ഉണ്ട്. കുറച്ചു വലിയ സ്കേപ്പിലുള്ള സിനിമയാണ്. കുഞ്ഞ് സിനിമയല്ല.

ദിലീഷ് പോത്തന്‍ എങ്ങനെയാണ് ഈ സിനിമയിൽ എത്തുന്നത്?

ദിലീഷിനെ ഞാൻ പരിചയപ്പെടുന്നത് രക്ഷാധികാരി ബൈജുവിൽ ഇപ്പോള്‍ വളരെ പോപ്പുലറായ ഒരു കഥാപാത്രം ചെയ്യാന്‍ വന്നപ്പോഴാണ്. തുടര്‍ന്ന് വലിയ ബന്ധങ്ങളില്ലായിരുന്നു. കൊവിഡിന്‍റെ സമയത്ത് ദിലീഷാണ് വിളിച്ചിട്ട് പടം ഒന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചത്. ആ കോൺവര്‍സേഷൻ വളരെ ഓര്‍ഗാനിക് ആയിട്ട് സിനിമയായി മാറുകയായിരുന്നു. ദിലീഷിന് ഒരു ഫിലിംമേക്കര്‍ എന്ന നിലയിൽ എന്നോട് ഒരു അഡ്മിറേഷന്‍ ഉണ്ട്, എനിക്ക് അത് തിരിച്ചുമുണ്ട്. ദിലീഷ് ഇതിൽ നായകനായി വരുമ്പോള്‍ സാധാരണ ഒരാള്‍ നായകനാകുന്നതിനെക്കാള്‍, ദിലീഷ് ഒരു ഡയറക്ടര്‍ കൂടെയായത് കൊണ്ട് സിനിമയുടെ ഉള്ളടക്കത്തിൽ കുറച്ചുകൂടെ വാല്യു ഉണ്ടെന്ന് ‍ഞാനും ചിന്തിച്ചു. ദിലീഷും അങ്ങനെ തന്നെ ചിന്തിച്ചു. ആ ഒരു ട്രസ്റ്റാണ് ബാക്കി കൂടെ നിന്ന ആളുകള്‍ക്കും ഉണ്ടായിരുന്നത്. അതാണ് വലിയ താരങ്ങളില്ലെങ്കിലും ഇങ്ങനെ ഒരു സിനിമ ശ്രമിക്കാം എന്ന് ധൈര്യം വരുന്നതും.

അഭിനേതാക്കളെ എങ്ങനെയാണ് തെരഞ്ഞെടുത്തത്. ദിലീഷ് പോത്തനെ തന്നെയാണോ നായകനായി കണ്ടിരുന്നത്?

ദിലീഷ് അടക്കമുള്ള ആളുകളെ കാസ്റ്റ് ചെയ്തത് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായതുകൊണ്ടാണ്. അല്ലാതെ ദിലീഷിനെ നായകനാക്കി ഒരു സിനിമയെടുക്കാം എന്നതുകൊണ്ടല്ല. നമുക്കൊരു നല്ല സിനിമ ചെയ്യാം എന്നതാണ് ഞാനും ദിലീഷും തീരുമാനിച്ചത്. അതിന് ശേഷമാണ് ദിലീഷ് അഭിനയിക്കാന്‍ വരുന്നത്. ഇനി ദിലീഷ് അല്ല എല്ലാവരും പുതുമുഖങ്ങളായിരുന്നു എങ്കിലും ഈ സിനിമ ചെയ്യുമായിരുന്നു. ദിലീഷ് വളരെ ആപ്റ്റ് ആയതുകൊണ്ടാണ് വേഷം ചെയ്തത്. ബാക്കിയുള്ളവരെ തെരഞ്ഞെടുത്തതും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ മുഖങ്ങള്‍ കണ്ടെത്തുക എന്നത് വച്ചാണ്. ചെറിയ രീതിയിലൊന്നുമല്ല, വ്യാപകമായി തന്നെ തെരഞ്ഞിട്ടാണ് ആളുകളെ കണ്ടെത്തിയത്.

ഫോട്ടോഗ്രാഫര്‍ എടുത്തശേഷം രഞ്ജൻ പ്രമോദ് ഒരു നീണ്ട ഇടവേളയെടുത്തു. അതിന് ശേഷം രക്ഷാധികാരി ബൈജുവിന് ശേഷം വീണ്ടും ആറ് വര്‍ഷത്തെ ഇടവേളയെടുത്തു. എന്തിനായിരുന്നു ഈ ഇടവേളകള്‍?

ഞാൻ കുറെ യാത്രകള്‍ ചെയ്യും. പിന്നെ, മടിയനാണ്. ആവശ്യമുണ്ടെങ്കിലേ ബെഡിൽ നിന്ന് തന്നെ എഴുന്നേൽക്കൂ. പിന്നെ വെറുതെ ഇരിക്കാനാണ് ഇഷ്ടം. എല്ലാവരെയും പോലെ തന്നെ ജോലി ചെയ്യാന്‍ ഇഷ്ടമല്ല. സിനിമ ചെയ്യുന്നത് കഷ്ടപ്പാട് പിടിച്ച പരിപാടിയുമാണ്. കുറച്ച് അഗ്രസീവ് ആയിട്ട് സെൽഫ് മാര്‍ക്കറ്റ് ചെയ്യുകയും സിനിമയുടെ പിറകെ നിൽക്കുകയും ചെയ്യുമ്പോഴേ പെട്ടന്ന് സിനിമ നടത്തിയെടുക്കാന്‍ പറ്റൂ. സിനിമ നടത്തിയെടുക്കാന്‍ എഴുതാനുള്ള ക്രാഫ്റ്റും സംവിധാനം ചെയ്യാനുള്ള കഴിവും പോരാ, നമുക്ക് മാര്‍ക്കറ്റിൽ പ്ലേസ് ചെയ്യാനും പുഷ് ചെയ്യാനും ഉള്ള ആറ്റിറ്റ്യൂഡും ഡ്രൈവും വേണം. അതിന്‍റെ കുറവ് എനിക്കുണ്ട്. ആരെങ്കിലും ഒരാള്‍ പിറകെ നിന്ന് ചെയ്യിപ്പിക്കുമ്പോഴെ സിനിമ സംഭവിക്കൂ. എന്‍റെ ആദ്യ സിനിമ മുതൽ അങ്ങനെയാണ്. എനിക്ക് ഒരു സിനിമ ചെയ്യാന്‍ അധികം ഇറങ്ങി നടക്കേണ്ടി വന്നിട്ടില്ല.

ഈ സിനിമയിലേക്ക് വരുമ്പോഴും എന്താണ് സിനിമ ചെയ്യാത്തത് എന്ന് ദിലീഷ് ചോദിച്ചപ്പോഴും ഞാൻ പറഞ്ഞത്, ആരെങ്കിലും പുഷ് ചെയ്യാനും ഡിസ്കസ് ചെയ്യാനും ഉണ്ടാകുമ്പോഴാണ് സിനിമ ചെയ്യാനുള്ള എനര്‍ജി വരുന്നത്. അങ്ങനെയാണെങ്കിൽ ഞാൻ പുഷ് ചെയ്യാം നമുക്ക് ഒരുമിച്ച് സിനിമ ചെയ്യാം എന്ന് ദിലീഷ് ചോദിക്കുകയാണ് ചെയ്തത്.

 

ഈ ഇടവേളകള്‍ സിനിമയെ, ജീവിതത്തിന്‍റെ ഒക്കെ പര്‍പ്പസിനെ ഒക്കെ ബാധിച്ചിട്ടുണ്ടോ. സ്വാഭാവികമായും നീണ്ട ഒരു കാലം നമ്മള്‍ ഒരു മേഖലയിൽ നിന്ന് മാറി നിൽക്കുമ്പോള്‍ ആളുകള്‍ നമ്മളെ മറന്നുപോകുക, റെകഗ്നിഷന്‍, വാലിഡേഷൻ നഷ്ടമാകുക ഇതൊക്കെ സംഭവിക്കില്ലേ? ഇതേക്കുറിച്ച് ചിന്തിക്കാറില്ലേ?

എനിക്ക് അങ്ങനെ വലിയ ലക്ഷ്യങ്ങളില്ല. അഞ്ച് വര്‍ഷത്തിൽ ഇങ്ങനെയാകണം, പത്ത് വര്‍ഷത്തിൽ ഇത് ചെയ്യണം അങ്ങനെയൊരു ഡ്രീമോ പദ്ധതിയോ എനിക്കില്ല. കാറ്റിൽ ഒരു തൂവൽ വീണാൽ അത് എങ്ങനെ പോകും അങ്ങനെ പോകുന്ന ഒരാളാണ് ഞാൻ. അപ്പോ അത് കാറ്റിന് അനുസരിച്ച്, അല്ലെങ്കിൽ തിരയ്ക്ക് അനുസരിച്ച് തുഴഞ്ഞ്... അങ്ങനെ പോകുകയാണ്. നമ്മളെ മറുന്നപോകുമോ എന്ന പേടി എനിക്കില്ല. നമ്മളെ മറന്നാലും കുഴപ്പമില്ല. നമ്മള്‍ റെലെവന്‍റ് ആയ സിനിമയായിട്ട് വരുമ്പോള്‍ ആളുകള്‍ ഓര്‍ക്കും എന്നതാണ് തോന്നൽ.

രഞ്ജൻ മുൻപ് നൽകിയ അഭിമുഖങ്ങളിലും ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യം മലയാള സിനിമ കൃത്യമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നില്ല എന്നതാണ്. ഇപ്പോള്‍ സോഷ്യൽ മീഡിയ വന്നതിന് ശേഷം അതിൽ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചല്ലോ. എന്താണ് നിലവിലെ മാര്‍ക്കറ്റിങ് രീതികളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്?

മാര്‍ക്കറ്റിങ്ങിന് വേണ്ട ഒരു പ്രൊഫഷണൽ രീതിയുണ്ട്. ഹോളിവുഡ് സിനിമകളൊക്കെ മാര്‍ക്കറ്റ് ചെയ്യുന്ന രീതി നമ്മുടെ നാട്ടിലില്ല. അതിന് വേണ്ടി പഠിക്കുകയോ റിസര്‍ച്ച് ചെയ്യുകയോ ചെയ്യുന്നുമില്ല. അതൊരു വലിയ വോയിഡ് ആണ്. അത് നമ്മള്‍ ഫിൽ ചെയ്യണം. യഥാര്‍ത്ഥത്തിൽ സിനിമയുടെ സംവിധായകനല്ല സിനിമ മാര്‍ക്കറ്റ് ചെയ്യേണ്ടത്. ഞാന്‍ ഈ സിനിമയുടെ ഡിസൈനിലും ട്രെയിലര്‍ കട്ട് ചെയ്യുന്നതിലും, എല്ലാ കാര്യത്തിലും ഇറങ്ങേണ്ടി വരുന്നത് അത് ചെയ്യുന്ന ഒരു ഏജൻസി ഇല്ലാത്തത് കൊണ്ടാണ്. അത്തരം ഒരു ഏജൻസിക്ക് വലിയൊരു സ്കോപ് ഉണ്ട്. സാധാരണ ഹോളിവുഡിൽ ഒരു സിനിമ കഴിഞ്ഞാൽ സ്റ്റുഡിയോ അതൊരു മാര്‍ക്കറ്റിങ് ടീമിനെ കണ്ടിട്ട് അവരാണ് ഇതിന് എന്ത് ടാഗ് ലൈൻ കൊടുക്കണം, ഏത് ടാര്‍ഗറ്റ് ഓഡിയൻസിലേക്ക് ഇത് മാര്‍ക്കറ്റ് ചെയ്യണം, ഏത് നിഷ് ഓഡിയൻസിലാണ് ഫോക്കസ് ചെയ്യേണ്ടത്, ലോകത്തിന്‍റെ ഏതെല്ലാം ഭാഗങ്ങളിലേക്ക് പരസ്യം ചെയ്യണം, തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ഹോളിവുഡിൽ അതെല്ലാം തീരുമാനിക്കുന്നത് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധമില്ലാത്ത വ്യത്യസ്തമായ ഒരു വിങ് ആണ്. അവര്‍ക്ക് ഈ സിനിമയുമായി യാതൊരു ഇമോഷണൽ അറ്റാച്ച്‍മെന്‍റും ഉണ്ടാകില്ല. അതേ സമയം ആ സിനിമ ഉണ്ടാക്കിയയാള്‍ തന്നെ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ അതിന് പരിമിതിയുണ്ട്. അതിനുള്ളിൽ തന്നെ നിന്നാണ് മലയാള സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. നമ്മുടെ സിനിമകളും അവയുടെ ഉള്ളടക്കവും വച്ച് ലോകം മുഴുവൻ മാര്‍ക്കറ്റ് ചെയ്യാം. ഇതിന് തെളിവല്ലേ ഒ.ടി.ടി വന്നപ്പോള്‍ വലിയ മാര്‍ക്കറ്റ് ഉണ്ടായത്. ഹരിയാന പോലെയുള്ള സ്ഥലങ്ങളിൽ മലയാള സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആളുകളുണ്ട് ഇപ്പോള്‍.

രഞ്ജൻ പ്രമോദ് തിരക്കഥയെഴുതിയ സിനിമകളിൽ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് പലപ്പോഴും ഒരു സര്‍ക്കാസ്റ്റിക്, മോക്കിങ് രീതിയിലായിരുന്നു. വളരെ തുറന്ന് രാഷ്ട്രീയം പറഞ്ഞ സിനിമയായിരുന്നു പക്ഷേ, ഫോട്ടോഗ്രാഫര്‍. ഇപ്പോഴത്തെ സിനിമകളുടെ രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ടോ? രഞ്ജൻ പ്രമോദ് ഇനിയെടുക്കുന്ന സിനിമകളിൽ എങ്ങനെയായിരിക്കും നിലപാടുകള്‍ പറയുക?

നേരത്തെ മറ്റു സംവിധായകര്‍ക്ക് വേണ്ടി സിനിമകള്‍ എഴുതിയിരുന്നപ്പോള്‍ പൂര്‍ണമായും ആ സിനിമകള്‍ ഒന്നും എന്‍റെ കൺട്രോളിൽ അയിരുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയം പോലുള്ള വിഷയങ്ങള്‍ എടുക്കുമ്പോള്‍ കൃത്യമായി അത് സ്ക്രീനിൽ വരുമോയെന്ന് അറിയില്ല. ഞാൻ കുറച്ചുകൂടെ സേഫ് ആയിട്ടാണ് അവിടെയൊക്കെ കളിച്ചിരുന്നത്. പൂര്‍ണമായും ഒരു സാങ്കൽപ്പിക ലോകത്ത് കഥ പറയുന്നതായിരുന്നു ആ സിനിമകള്‍ എല്ലാം. അതേ സമയം ഫോട്ടോഗ്രഫര്‍, രക്ഷാധികാരി ബൈജു സിനിമകളിലേക്ക് എത്തുമ്പോള്‍ അത് നമ്മുടെ നാട്ടിൽ, റിയൽ ആയിട്ട് നടക്കുന്ന കഥകളാണ്. അങ്ങനെയൊരു കഥ പറയുമ്പോള്‍ രാഷ്ട്രീയം അതിന്‍റെ ഭാഗമായിട്ട് വരും. കാരണം, രാഷ്ട്രീയമില്ലാതെ നമുക്ക് ഒന്നും സംസാരിക്കന്‍ പറ്റില്ലല്ലോ. രക്ഷാധികാരി ബൈജു ഒരു രാഷ്ട്രീയ സിനിമയാണെന്നാണ് ഞാൻ കരുതുന്നത്. പൊളിറ്റിക്സ് ഒരിക്കലും കക്ഷിരാഷ്ട്രീയം അല്ലല്ലോ. മനുഷ്യന്‍റെ പ്രശനമാണ് പൊളിറ്റിക്സ്. ഏറ്റവും പ്രധാനപ്പെട്ട പ്രശനങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ്, അതിൽ അഡ്രസ് ചെയ്യാത്ത വിഷയങ്ങള്‍ എന്‍റെ സിനിമയിൽ കൈകാര്യം ചെയ്യുക എന്നതാണ് എന്‍റെ രീതി.

പത്ത് വര്‍ഷം മുൻപ് ഒരു അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞത്, മലയാളത്തിൽ ക്രിയേറ്റിവിറ്റിയില്ല, നല്ല ഉള്ളടക്കം ഇല്ല എന്നായിരുന്നു. ആ നിലപാടിൽ ഇപ്പോള്‍ മാറ്റമുണ്ടോ?

സിനിമ ഒരുപാട് മാറി. ഞാൻ ആഗ്രഹിക്കുന്ന രീതിയിലേക്കാണ് മലയാള സിനിമ മാറിയത്. ഇനി മലയാള സിനിമ കുറേക്കൂടെ മുന്നോട്ട് പോകുകയും ഗ്ലോബലി റെലവന്‍റ് ആയ സിനിമകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല. നമ്മളെക്കാള്‍ ചെറിയ ഇൻഡസ്ട്രിയായ കൊറിയയും ഇറാനും, അല്ലെങ്കിൽ ലാറ്റിൻ അമേരിക്കയെടുക്കാം. അവിടെ രണ്ട് വര്‍ഷത്തിൽ ഒരു സിനിമയൊക്കെയാണ് ഉണ്ടാകുന്നത്. അങ്ങനെയൊക്കെ ഉള്ള രാജ്യത്ത് നിന്നുള്ള സിനിമയുടെ ക്വാളിറ്റി ഏസ്‍തറ്റിക്സ് ഒന്നും ഇത്രയേറെ സിനിമയുണ്ടാക്കി പരിചയമുള്ള നമ്മുടെ നാട്ടിലെ സിനിമകള്‍ക്ക് ഉണ്ടാകുന്നില്ലെന്നത് വാസ്തവമാണ്. നമ്മള്‍ അഭിമാനിക്കാറുണ്ട്, നമ്മള് ഇവിടെ ഗംഭീര സിനിമയെടുക്കുന്നവരാണ് എന്ന്. പക്ഷേ, യാഥാര്‍ത്ഥ്യം നോക്കിയാൽ അല്ല. നമ്മള്‍ വളരെ മോശം സിനിമകളാണ് ഉണ്ടാക്കിക്കൊണ്ടിരുന്നത്. അക്കാര്യത്തിൽ ഇംപ്രൂവ്‍മെന്‍റ് ഉണ്ട്. നമ്മള്‍ ഒറിജിനലായാൽ മാത്രമേ അന്താരാഷ്ട്ര വിപണിയിൽ സിനിമയ്ക്ക് മൂല്യമുള്ളൂ. മലയാളികള്‍ നമ്മുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചാൽ മലയാളിയെ വെല്ലാൻ ആരുമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, നമ്മള്‍ എപ്പോഴും പരസ്പരം ഞണ്ടുകളെപ്പോലെ ഒരാള്‍ കയറിപ്പോകുമ്പോള്‍ അയാളെ വലിച്ച് താഴെയിടാന്‍ ഒക്കെയാണ് ശ്രമിക്കുന്നത്. പൊതുവെ കൂട്ടത്തിലുള്ള ആളുകളെ അംഗീകരിക്കാന്‍ മലയാളികള്‍ക്ക് ഒത്തിരി പാടാണ്. മലയാളി മൊത്തത്തിൽ പരിഹാസത്തിന്‍റെ ആളുകളാണ്. അവര്‍ക്ക് ഒന്നിനെയും മൊത്തത്തിൽ വിലയില്ല. അതേ സമയം പുറത്തുനിന്ന് കാണുന്ന കാര്യങ്ങളെ പെട്ടന്ന് ആവേശത്തോടെ നമ്മള് സ്വീകരിക്കും. മലയാളികളുടെ ഒരു സ്വഭാവമാണത്.

വര്‍ഷങ്ങള്‍ക്ക് മുൻപ് ആയിരം കോടി രൂപയുടെ ഒരു വലിയ സിനിമയെക്കുറിച്ച് താങ്കള്‍ സംസാരിച്ചിരുന്നു. ഇപ്പോഴും ആ ആഗ്രഹമുണ്ടോ?

ആയിരം കോടിയുടെ സിനിമ എന്ന് ഞാന്‍ പറഞ്ഞ ആശയത്തിന് രണ്ട് കഥകള്‍ എന്‍റെ കൈയ്യിലുണ്ട്. ഞാന്‍ അതിൽ ഒരു കഥയുടെ ഔ‍ട്ട്‍ലൈന്‍ മമ്മൂക്കയോട് പങ്കുവച്ചിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇതൊക്കെ നീ കൈയ്യിൽ വച്ചോ, അടുത്ത രണ്ട് മൂന്ന് തലമുറ കഴിയുമ്പോള്‍ സമൂഹം പുരോഗമിച്ച് അവിടെ എത്തുമായിരിക്കും. അടുത്ത അമ്പത് കൊല്ലത്തേക്ക് ഇത് ചെയ്യാന്‍ പോലും പറ്റില്ല. ഇത് വലിയ വിവാദമാകും. നിന്‍റെ മക്കളൊക്കെ വയസ്സാകുന്ന കാലത്ത് അവര്‍ പറയുമായിരിക്കും, എന്‍റെ അച്ഛന്‍ ഇതുപോലൊരു സിനിമ മനസ്സിൽ കരുതിയിരുന്നു എന്ന്. ഞാന്‍ ഈ കഥ വെബ് സീരിസ് അക്കാന്‍ ബോംബേയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയെ സമീപിച്ചിരുന്നു. അവര്‍ വളരെ കൗതുകത്തോടെയാണ് കഥ കേട്ടത്. അവര്‍ അത് നെറ്റ്‍ഫ്ലിക്സിന് പിച് ചെയ്തിരുന്നു. പക്ഷേ, നെറ്റ്‍ഫ്ലിക്സ് പ്രതികരിച്ചതേയില്ല.

മലയാള സിനിമകള്‍ സോഷ്യൽ മീഡിയയിൽ റിവ്യൂ ചെയ്യുന്നവരെ മുതിര്‍ന്ന തലമുറയിൽ നിന്നുള്ള സംവിധായകര്‍ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം റിവ്യൂസ് ശ്രദ്ധിക്കാറുണ്ടോ, എന്താണ് ഇതെല്ലാം കാണുമ്പോള്‍ തോന്നാറ്?

റിവ്യൂവിനെ ‍ഞാൻ പേടിക്കുന്നില്ല. കാരണം, നമ്മുടെ ഹൃദയത്തിൽ ആ സിനിമ തൊട്ടുകഴിഞ്ഞാൽ ഒരു ജനുവിൻ സിനിമാ ആസ്വാദകനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് കള്ളം പറയാൻ പറ്റില്ല. ഇഷ്ടപ്പെട്ടാൽ എന്ത് ആവേശത്തോടെ പറയുന്നുവോ അതുപോലെ തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രതികരിക്കും. അതിനെ പറഞ്ഞിട്ട് കാര്യമില്ല. പിന്നെ റിവ്യൂവിനെക്കുറിച്ച് പറയുമ്പോള്‍ ഒരു ക്രിട്ടിക്കിന് സിനിമയെ ഒരു കലാരൂപം എന്ന നിലയ്ക്ക് അടുത്ത ലെവലിലേക്ക് കൊണ്ടുപോകുക എന്ന ഉത്തരവാദിത്തമുണ്ട്. 

കാമ്പുള്ള വിമര്‍ശനം വളരെ പ്രധാനമാണ്. വെറുതെ തെറിവിളിക്കുന്ന കാര്യമല്ല. കാമ്പുള്ള  വിമര്‍ശനം ചെയ്യണമെങ്കിൽ വിമര്‍ശനം എന്ന കലാരൂപം പഠിക്കണം. അതിന് സിനിമയുടെ ചരിത്രം അറിയണം. ഗ്രാമര്‍ അറിയണം. അങ്ങനെ ട്രെയിൻഡ് ആയിട്ടുള്ള ക്രിട്ടിക്കുകളുടെ കുറവ് നമ്മുടെ നാട്ടിലുണ്ട്. ഇവിടെ വെറുതെ റാൻഡമായിട്ട് വരുന്നവരാണ്. അവര്‍ വെറും സിനിമ പ്രേക്ഷകരാണ്. സിനിമയെ ആഴത്തിൽ മനസ്സിലാക്കുന്ന പുറത്തൊക്കെയുള്ള തരം ക്രിട്ടിക്കുകള്‍ നമ്മുടെ നാട്ടിലില്ല.

ഭരദ്വാജ് രംഗനെപ്പോലെയുള്ള കുറച്ചു പേര്‍ മാത്രമേ ആ തരത്തിൽ ഇവിടെയുള്ളൂ. ബാക്കിയുള്ളവര്‍ സിനിമ കണ്ട് അഭിപ്രായം പറയുന്ന സാധാരണ പ്രേക്ഷകരാണ്. അവര്‍ക്ക് ആ കല അറിയില്ല. പക്ഷേ, എഡിറ്റിങ് പഠിച്ചിട്ടേ സിനിമയെ വിമര്‍ശിക്കാവൂ എന്ന് ഞാൻ പറയുകയില്ല. സിനിമയെ ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ, അത് കൺസ്ട്രക്റ്റീവ് ആകണമെങ്കിൽ നല്ല ക്രിട്ടിക്കുകള്‍ ഉണ്ടാകണം.

തമിഴിൽ നീലച്ചട്ടൈ മാരൻ എന്ന യൂട്യൂബര്‍ ഉണ്ട്. രജനികാന്തിനെ വച്ച് പാ രഞ്ജിത് സിനിമ ചെയ്തപ്പോള്‍, പാ രഞ്ജിത്തിന്‍റെ അഭിപ്രായങ്ങള്‍ അറിയാനാണോ ഞങ്ങള്‍ സിനിമയ്ക്ക് ടിക്കറ്റെടുത്ത് പോകുന്നത് എന്നൊരു ചോദ്യം ആയാൾ ചോദിച്ചു. ഞാൻ മനസ്സിലാക്കുന്നത് അത് പാ രഞ്ജിത്തിനെ ആഴത്തിൽ സ്വാധീനിച്ചു. പിന്നീട് പാ രഞ്ജിത് ചെയ്ത സറപ്പട്ട പരമ്പരൈ പോലെയുള്ള സിനിമകളിലേക്ക് വരുമ്പോള്‍ അയാളുടെ പൊളിറ്റ്കിസിനോടുള്ള സമീപനത്തിൽ തന്നെ മാറ്റമുണ്ടായി. അത് ക്രിട്ടിക്കുകളുടെ ഇൻഫ്ലൂവൻസാണ്. അത് പോയിന്റ് ഔട്ട് ചെയ്യുമ്പോള്‍ അത് ക്രിയേറ്ററുടെ ഉള്ളിലേക്ക് കൊള്ളും. അത് അയാളുടെ പൊളിറ്റിക്കൽ വ്യൂവിലോ സിനിമാറ്റിക് അപ്രോച്ചിലോ വേണ്ട തിരുത്തലുകള്‍ നടത്താന്‍ ഫിലിംമേക്കറെ സഹായിക്കും.അതെപ്പോഴും അങ്ങനെയാണല്ലോ. വിവരം ഉള്ള ഒരാളാണ് നമ്മളോട് സംസാരിക്കുന്നത് എന്ന് തോന്നുമ്പോള്‍ നമ്മള്‍ തിരുത്തും. എന്തെങ്കിലും മണ്ടത്തരം ആരെങ്കിലും പറഞ്ഞാൽ നമുക്ക് തിരുത്താനില്ല. വെറുതെ കുറേ ഡീഗ്രേഡ് ചെയ്യുക, ഒച്ചയും വിളിയും ഉണ്ടാക്കുക. അങ്ങനെയല്ല ക്രിട്ടിസിസം. അത് വസ്തുനിഷ്ഠമായി പറയുക, ബ്ലാക്ക് ആൻഡ് വൈറ്റിൽ പറയുക. ആറ്റിറ്റ്യൂഡ് ഇടാതെ പറയുമ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കും. അല്ലാതെ പരിഹാസത്തിന്‍റെ ടോണിലേക്ക് വരുമ്പോഴാണ് ഇതൊക്കെ കുഴപ്പമായി മാറുന്നത്. അങ്ങനെ പരിഹസിക്കേണ്ട കാര്യമില്ല, എല്ലാം തികഞ്ഞ ആളല്ലല്ലോ ക്രിട്ടിക്കും. അതുകൊണ്ട് തന്നെ ഒരു വര്‍ക് ഓഫ് ആര്‍ട്ടിനെ എടുത്ത് അടിമുടിവലിച്ച് കീറി തേച്ചോട്ടിച്ച് പരിഹസിക്കുന്നതിലേക്ക് വരുമ്പോഴാണ് ഈ പറഞ്ഞ കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്.

പ്രൊപഗാണ്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട രണ്ട് സിനിമകള്‍ അടുത്തിടെയിറങ്ങി. കശ്‍മീര്‍ ഫയൽസും കേരള സ്റ്റോറിയും. ഇത്തരത്തിലെ മറ്റു സിനിമകളെപ്പോലെയല്ല, ഈ ചിത്രങ്ങള്‍ കാര്യമായി ബോക്സോഫീസിൽ കളക്റ്റ് ചെയ്യുന്നുമുണ്ട്. ഒരു മീഡിയം എന്ന നിലയിൽ സിനിമ ആളുകളെ സ്വാധീനിക്കുമോ എന്ന ചോദ്യം പണ്ടു മുതലെ നിലനിൽക്കുന്നുമുണ്ട്. ഈ സിനിമകളെക്കുറിച്ച്, ഇംപാക്റ്റിനെക്കുറിച്ച് എന്താണ് അഭിപ്രായം?

പ്രൊപഗാണ്ട സിനികള്‍ തീര്‍ച്ചയായും ഉണ്ട്. പണം ഉണ്ടെങ്കിൽ നമുക്ക് ഒരു രാഷ്ട്രീയത്തെ, ആദര്‍ശത്തെ, കാഴ്ച്ചപ്പാടിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കാം. പ്രൊപഗാണ്ട സിനിമകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. വലതുപക്ഷം മാത്രമല്ല ഇടതുപക്ഷവും ചെയ്തിട്ടുണ്ട്. എനിക്കൊരു കാഴ്ച്ചപ്പാട് ഉണ്ടെങ്കിൽ ഒരു സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അത് മാറ്റാന്‍ പാകത്തിന് ഒരു കഴിവ് സിനിമക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയാണെങ്കിൽ കാര്യം എളുപ്പമായിരുന്നു. സിനിമാറ്റിക്ക് ലാംഗ്വേജിൽ നല്ല കഴിവുള്ള ഫിലിംമേക്കര്‍മാര്‍ കൂടിയിരുന്ന് അഞ്ചോ പത്തോ വര്‍ഷം ശ്രമിച്ചാൽ നമുക്കൊരു യുട്ടോപ്യൻ സൊസൈറ്റി ഉണ്ടാക്കാൻ പറ്റുമായിരുന്നു. അത്രയ്ക്ക് ഇൻഫ്ലൂവൻസ് ഒരു കലാരൂപത്തിനും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ക്ഷുദ്ര സിനിമകള്‍ എന്നാണ് ഇത്തരം (പ്രൊപഗാണ്ട) സിനിമകളെ എനിക്ക് വിളിക്കാൻ തോന്നുന്നത്. മനുഷ്യരെ സൈക്കളോജിക്കലി ബ്രയിൻ വാഷ് ചെയ്യാനൊന്നും പറ്റില്ല. ജനങ്ങള്‍ മണ്ടന്മാരല്ല, ജനങ്ങള്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. ജനങ്ങള്‍ക്ക് പ്രതികരണശേഷിയാണ് ഇല്ലാത്തത്.

താങ്കള്‍ ആരാധിക്കുന്ന ഫിലിംമേക്കര്‍മാര്‍ തികഞ്ഞ ആര്‍ട്ട് സിനിമകളെടുത്തവരായിരുന്നു. പക്ഷേ, രഞ്ജൻ പ്രമോദ് തിരക്കഥയെഴുതിയ സിനിമകള്‍ - നരൻ, മീശമാധവൻ - എല്ലാ വാണിജ്യ സിനിമകളാണ്. ഇപ്പോഴും താങ്കൾ കൊമേഴ്സ്യലായി സിനിമയെടുക്കുന്നു. താങ്കള്‍ മാസ്റ്റേഴ്സിനെപ്പോലെ സിനിമകളെടുക്കാന്‍ ആഗ്രഹിക്കുന്നില്ലേ?

സത്യജിത് റായ്, ഋത്വിക് ഘട്ടക്… ഇവരെല്ലാം ആളുകൾ കാണാത്ത സിനിമയെടുക്കുന്നവരാണ് എന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. ഇവിടെ വാണിജ്യമായി വലിയ വിജയങ്ങളുണ്ടാക്കി 100 ദിവസത്തിനുള്ളിൽ വിസ്മരിക്കപ്പെട്ട് പോകുന്ന സിനിമകൾ കാണപ്പെടുന്നതിനെക്കാള്‍ എത്രയോ എത്രയോ തലമുറകൾ അവരുടെ സിനിമകള്‍ കണ്ടുകഴിഞ്ഞു. അതൊന്നും കൊമേഴ്സ്യൽ അല്ലാത്ത സിനിമയല്ല. കൊമേഴ്സ്യൽ അല്ലാതെ ഒരു ആർട്ടിനും നിലനിൽപ്പില്ല, ഗുഹാചിത്രങ്ങൾക്ക് മാത്രമേയുള്ളൂ. ബാക്കിയുള്ള ആര്‍ട്ടിന്, അത് വാങ്ങാന്‍ ഒരാള്‍ വേണം. കാരണം ഒരു ആർട്ടിസ്റ്റ് അയാളുടെ ലൈഫാണ് അതിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. അയാൾക്ക് ജീവിക്കാനുള്ള പൈസ കിട്ടണം. അയാള്‍ക്ക് അടുത്ത സിനിമയെടുക്കാനുള്ള പണം കിട്ടണം. 

ഹോളിവുഡിൽ വ്യാപകമായ ഒരു അഭിപ്രായമുണ്ട് - സിനിമ തീയറ്ററിലാണ് കാണേണ്ടത് എന്ന്. അവിടെ പല സംവിധായകരും ഒ.ടി.ടി ഒരു ദുഃസൂചനയായി കാണുന്നു. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?

തുടക്കം മുതലെ സിനിമ ഉണ്ടായിട്ടുള്ളത് വലിയ സ്ക്രീനുകൾക്ക് വേണ്ടിയാണ്. പക്ഷേ, ഒരു സിനിമയുടെ ജീവിതം ചിലപ്പോള്‍ 100 വർഷത്തിനും മുകളിലാണ്. എല്ലാക്കാലത്തും അത് സിനിമഹാളിൽ പോയി കാണാൻ പറ്റില്ല. ഇപ്പോള്‍ മറ്റൊരു മീഡിയം വന്നതുകൊണ്ടാണ് നമുക്ക് അത് കാണാൻ പറ്റുന്നത്. 'ബൈസിക്കിൾ തീവ്സ്' ഇപ്പോ എവിടെ കാണും?. ഒ.ടി.ടിയിലെ അത് കാണാൻ പറ്റൂ. ഒരു സിനിമ ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഒരു 30-45 ദിവസം മാത്രമേ തീയറ്റിൽ അത് കാണാൻ പറ്റൂ. ആ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന നിങ്ങള്‍ക്ക് മാത്രമാണ് ആ സിനിമ എങ്ങനെയാണോ കാണേണ്ടത് അങ്ങനെ കാണാനും മനസ്സിലാക്കാനുമുള്ള ഭാഗ്യമുള്ളൂ. പിന്നീട് അത് ഒ.ടി.ടിയിൽ കാണുമ്പോള്‍ ഫിലിംമേക്കര്‍ ഉദ്ദേശിച്ചതിന്‍റെ വളരെ ചെറിയൊരു അംശം മാത്രമേ കാണാനാകൂ. അതാണ് സിനിമ തീയറ്ററിൽ പോയി കാണണം എന്ന് പറയുന്നത്. അല്ലാത്ത പക്ഷം, ആ സിനിമ പിന്നീടൊരു ക്ലാസിക് ആയാൽ ഒരു സിനിമാ പ്രേമിയെ സംബന്ധിച്ച് അതൊരു നഷ്ടമായിരിക്കും.

(അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്)

click me!