'സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാന്‍ ആ​ഗ്രഹം'; രാമസിംഹന്‍ അബൂബക്കര്‍ പറയുന്നു

By Web Team  |  First Published Apr 1, 2023, 4:06 PM IST

 രാമസിംഹന്‍റെ കഴിഞ്ഞ ചിത്രം 1921 പുഴ മുതല്‍ പുഴ വരെ മാര്‍ച്ച് 3 നാണ് തിയറ്ററുകളില്‍ എത്തിയത്


വി ഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാനുള്ള ആ​ഗ്രഹം പങ്കുവച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആരൊക്കെ കൂടെയുണ്ടാവും എന്ന് രാമസിംഹന്‍ ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ കൈയടിച്ചും പരിസഹിച്ചും നിരവധിപേര്‍ കമന്‍റുമായി എത്തിയിരുന്നു. പിന്നാലെ ഈ ആശയത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ഇന്നും രാമസിംഹന്‍ ഒരു പോസ്റ്റുമായി എത്തി.

ഒരു ഇതിഹാസ പുരുഷനായ സവർക്കറെക്കുറിച്ച് പഠിക്കാൻ അൽപ്പം സമയമെടുക്കും. പക്ഷേ അത് തീരുമാനിച്ചു. അൽപ്പം സമയമെടുത്ത് കൃത്യമായ ഒരു ഘടനയുണ്ടാക്കണം. എന്നിട്ട് ഏത് രീതിയിൽ അത് ആവിഷ്കാരം നടത്തണമെന്ന് തീരുമാനമെടുക്കാം, രാമസിംഹന്‍ കുറിച്ചു. ഇതിന്‍റെ പ്ലാനിം​ഗ് നടക്കുമ്പോള്‍ത്തന്നെ ധനസമാഹരണം ലക്ഷ്യമാക്കി വാണിജ്യ സിനിമകള്‍ ചെയ്യാനാണ് തീരുമാനമെന്നും രാമസിംഹന്‍ പറയുന്നു.

Latest Videos

അതേസമയം രാമസിംഹന്‍റെ കഴിഞ്ഞ ചിത്രം 1921 പുഴ മുതല്‍ പുഴ വരെ മാര്‍ച്ച് 3 നാണ് തിയറ്ററുകളില്‍ എത്തിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിച്ചത്. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തലൈവാസല്‍ വിജയ് ആയിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് 'വാരിയംകുന്നന്‍' രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു. 

ALSO READ : 1000 കോടിയിലും നില്‍ക്കില്ല പഠാന്‍ കളക്ഷന്‍; ഒടിടി റിലീസിനു പിന്നാലെ ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക റിലീസ്

click me!