കഴിഞ്ഞ ചിത്രങ്ങളുടെ ജയപരാജയങ്ങള്‍; 'ഗെയിം ചേഞ്ചറി'ല്‍ പ്രതിഫലം കൂട്ടി രാം ചരണ്‍, കുറച്ച് ഷങ്കര്‍

By Web Desk  |  First Published Jan 3, 2025, 12:25 PM IST

സംക്രാന്തി റിലീസ് ആണ് ഗെയിം ചേഞ്ചര്‍


അഭിനേതാക്കളുടെ മാത്രമല്ല, സംവിധായകരുടെയും പ്രതിഫലം നിര്‍ണ്ണയിക്കുന്ന ഘടകം നേടുന്ന വിജയങ്ങളാണ്. ഇനി പരാജയങ്ങളാണ് സംഭവിക്കുന്നതെങ്കില്‍ അവരുടെ പ്രതിഫലത്തെ അത് ദോഷകരമായി ബാധിക്കും. ഇപ്പോഴിതാ തെലുങ്കില്‍ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഗെയിം ചേഞ്ചറില്‍ നായക നടനും സംവിധായകനും വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാം ചരണ്‍ ആണ് നായകന്‍.

രാം ചരണിനെ സംബന്ധിച്ച് ആര്‍ആര്‍ആര്‍ നേടിയ വലിയ വിജയത്തിന് ശേഷം സോളോ ഹീറോ ആയി എത്തുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. അതേസമയം ഷങ്കറിനെ സംബന്ധിച്ച് ഇന്ത്യന്‍ 2 ന്‍റെ വലിയ പരാജയത്തിന് ശേഷം എത്തുന്ന ചിത്രവുമാണ് ഇത്. രണ്ട് പേരുടെയും പ്രതിഫലത്തിലും അതിന്‍റെ പ്രതിഫലനം കാണാനാവും. ആര്‍ആര്‍ആറില്‍ രാം ചരണ്‍ വാങ്ങിയത് 45 കോടി ആയിരുന്നെങ്കില്‍ ഗെയിം ചേഞ്ചറില്‍ അദ്ദേഹം വാങ്ങുന്നത് 65 കോടിയാണ്. ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇത്. അതായത് 20 കോടിയുടെ വര്‍ധന.

Latest Videos

ഷങ്കറിനെ സംബന്ധിച്ചാണെങ്കില്‍ ഇന്ത്യന്‍ 2 ല്‍ അദ്ദേഹം വാങ്ങിയത് 50 കോടി ആയിരുന്നു. ഗെയിം ചേഞ്ചറില്‍ എത്തിയപ്പോള്‍ അത് 35 കോടിയായി കുറഞ്ഞു. അതായത് കഴിഞ്ഞ ചിത്രത്തില്‍ നിന്നും 15 കോടി കുറവ്. ഇന്ത്യന്‍ 2 നേക്കാള്‍ ബജറ്റ് ഉള്ള സിനിമയാണ് ഗെയിം ചേഞ്ചര്‍ എന്നതും ശ്രദ്ധേയം. ഇന്ത്യന്‍ 2, 250 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ആയിരുന്നെങ്കില്‍ ഗെയിം ചേഞ്ചറിന്‍റെ ബജറ്റ് 400 കോടിയാണ്. എന്നാല്‍ ചിത്രം നീണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷങ്കര്‍ സ്വയം പ്രതിഫലം കുറച്ചതാണെന്നും വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. ഇന്ത്യന്‍ 2 വൈകിയത് ഗെയിം ചേഞ്ചറിന്‍റെ ചിത്രീകരണത്തെയും ബാധിച്ചിരുന്നു. 

ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!