'ക്യാമറകള്‍ക്ക് മുന്നില്‍ ശ്വാസം വിടാന്‍ പോലും ഭയം'; തെരഞ്ഞെടുപ്പ് കാലത്തെ മാനസികാവസ്ഥയെക്കുറിച്ച് രജനികാന്ത്

By Web Team  |  First Published Mar 22, 2024, 11:58 AM IST

ടി ജെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വേട്ടൈയനാണ് രജനികാന്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന അടുത്ത ചിത്രം


തെരഞ്ഞെടുപ്പ് സമയത്ത് വായ തുറക്കാന്‍ പോലും തനിക്ക് ഭയം തോന്നാറുണ്ടെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. ചെന്നൈ വടപളനിയില്‍ കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രജനിയുടെ വാക്കുകള്‍. നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തും എന്നതിനാല്‍ ഈ ചടങ്ങില്‍ത്തന്നെ സംസാരിക്കാന്‍ ആദ്യം തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.

"തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മള്‍ പറയുന്ന വാക്കുകള്‍ എളുപ്പത്തില്‍ വളച്ചൊടിക്കപ്പെടും. ഒരുപാട് ക്യാമറകള്‍ ഒരേ സമയം കാണുമ്പോള്‍ ശ്വാസം വിടാന്‍ പോലും ഭയം തോന്നും", രജനികാന്ത് പറഞ്ഞു. ഉദ്ഘാടന പരിപാടികളില്‍ പൊതുവെ പങ്കെടുക്കാത്തതിന്‍റെ കാരണവും രജനി വിശദീകരിച്ചു. "ഏതെങ്കിലും സ്ഥാപനം ഉദ്ഘാടനം ചെയ്താല്‍ എനിക്ക് അതില്‍ നിക്ഷേപമുണ്ട് എന്ന തരത്തിലാവും പ്രചരണം". ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഡോക്ടര്‍മാരാണ് തനിക്ക് ഒരു പ്രധാന ശസ്ത്രക്രിയ നടത്തിയതെന്നും അതാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ എത്തിച്ചതെന്നും രജനി പറഞ്ഞു. തന്നെ ജീവനോടെ നിലനിര്‍ത്തിയതിന് ഡോക്ടര്‍മാര്‍‍ക്കും നഴ്സുമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് രജനികാന്ത് പ്രസംഗം അവസാനിപ്പിച്ചത്.

Latest Videos

അതേസമയം ടി ജെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വേട്ടൈയനാണ് രജനികാന്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന അടുത്ത ചിത്രം. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിരുവനന്തപുരത്താണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അടുത്ത ഷെഡ്യൂളിനായി രജനിയും സംഘവും വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വേട്ടൈയന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രമായിരിക്കും അത്. 

ALSO READ : മമിതയുടെ തമിഴ് അരങ്ങേറ്റം, മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍, ഈ വാരം 7 പുതിയ റിലീസുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!