നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ.
സമീപകാലത്ത് റിലീസ് ചെയ്ത് തമിഴ് സിനിമയിലെ വൻ ഹിറ്റായി മാറിയ ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തിയ ചിത്രം ഒരു ആക്ഷൻ- ഫാമിലി ത്രില്ലർ ആയിരുന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയ മുത്തുവേൽ പാണ്ഡ്യനായി രജനി നിറഞ്ഞാടിയ ചിത്രത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ എന്നിവരും ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ചിത്രം ബ്ലോക് ബസ്റ്റർ വിജയം സ്വന്തമാക്കിയതിന് പിന്നാലെ സിനിമയിലെ ചില രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോകൾ സൺ പിക്ചേഴ്സ് പങ്കുവയ്ക്കുന്നുണ്ട്. മുത്തുവേൽ ഇമോഷണലി ഡൗൺ ആയ രംഗങ്ങളുമായൊരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്വന്തം മകൻ മരിച്ചെന്ന് അറിയുന്നത് മുതൽ അവനെ കൊലപ്പെടുത്തേണ്ടി വന്ന സന്ദർഭങ്ങൾ വരെ വീഡിയോയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. മകനാണ് തന്റെ എതിരാളി ആയി നിൽക്കുന്നതെന്ന് അറിഞ്ഞിട്ടും അവനെ വേദനയോടെ അമർഷത്തോടെ കെട്ടിപ്പിടിക്കുന്ന സീനെല്ലാം തിയറ്ററിൽ വൻ പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പ്രേക്ഷന്റെ കണ്ണിനെ ഈറനണിയിച്ച രംഗങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രതികരണവും നേടിയിരുന്നു. ഈ പ്രതികരണം തന്നെ ബോക്സ് ഓഫീസിലും കാണാൻ സാധിച്ചിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്റെ ട്വീറ്റ് പ്രകാരം 650 കോടിയാണ് ജയിലറിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ.
രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, രമ്യ കൃഷ്ണൻ, തമന്ന, യോഗി ബാബു വസന്ത് രവി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. തമിഴിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ജയിലർ നിർമിച്ചത്.
വിശാൽ, സിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് വിലക്ക്; നടപടി നിർമാതാക്കളുടെ പരാതിയിൽ