രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അടുത്തിടെയാണ് രജനീകാന്ത് ചിത്രം 'ബാബ' വീണ്ടും തിയറ്ററുകളിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാകും ചിത്രത്തിന്റെ റിലീസ്. ഈ അവസരത്തിൽ ചിത്രത്തിന്റെ റീമാസ്റ്ററിംഗ് ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഒരു മില്ല്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നടന്റെ മാസ് പെർഫോമൻസ് വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
'പടയപ്പ' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു 'ബാബ'. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. പടയപ്പയുടെ വിജയത്തിനു ശേഷം എത്തുന്ന ചിത്രമായതിനാല്‍ വന്‍ പണം മുടക്കിയാണ് വിതരണക്കാര്‍ ചിത്രം എടുത്തത്. എന്നാല്‍ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസില്‍ മുന്നേറാന്‍ ചിത്രത്തിന് സാധിച്ചില്ല.
രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍.
നേരത്തെ രജനീകാന്തിന്റെ ബാഷയും ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി തിയറ്ററുകളില്‍ എത്തിയിരുന്നു. രജനീകാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ബാഷ. സുരേഷ് കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന്‍റെയും സംവിധാനം. രജനി ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ റീ റിലീസിന് ലഭിച്ചത്.
ഒറ്റ രാത്രി, ആറ് ദുർമരണങ്ങൾ; ഭയപ്പെടുത്താൻ ഇന്ദ്രൻസിന്റെ 'വാമനൻ' വരുന്നു