മോഹന്‍ലാല്‍ അതിഥിതാരമായി എത്തുന്ന ചിത്രം
ജയിലര്‍ സിനിമയുടെ അതിരപ്പിള്ളി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രജനികാന്ത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണത്തിന്‍റെ ഭാഗമായാണ് രജനി കേരളത്തില്‍ എത്തിയത്. ഇന്നലെ കൊച്ചിയില്‍ വിമാനമിറങ്ങിയ രജനിക്ക് അതിരപ്പിള്ളിയില്‍ ഒരു ദിവസത്തെ ചിത്രീകരണമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ആതിരപ്പിള്ളി മനോഹര സ്ഥലമെന്ന പ്രശംസാവാക്കുമായാണ് അദ്ദേഹം അവിടെ വിട്ടത്.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എന്നാല്‍ മലയാളികളെ സംബന്ധിച്ച് ചിത്രത്തിലെ ഒരു അതിഥിവേഷം വലിയ ആവേശമുണ്ടാക്കുന്നുണ്ട്. മോഹന്‍ലാല്‍ രജനികാന്തിനൊപ്പം ആദ്യമായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. ജയിലര്‍ രാജസ്ഥാനില്‍ ചിത്രീകരിച്ച സമയത്ത് രജനിയും മോഹന്‍ലാലും പരസ്പരം കണ്ടിരുന്നു. അന്ന് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ഉണ്ടായിരുന്നു മോഹന്‍ലാല്‍.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതേസമയം വിജയ് നായകനാവുന്ന പുതിയ ചിത്രം ലിയോയ്ക്ക് മൂന്നാറില്‍ ഒരു ഷെഡ്യൂള്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രത്തിന്‍റെ കശ്മീര്‍ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.