അച്ഛനെയും അവസാന കാലങ്ങളിൽ മറവിരോഗം ബാധിച്ചിരുന്നു എന്നും രാജീവ്.
ഈസ്റ്റ് കോസ്റ്റ് ആൽബങ്ങളിലൂടെ മലയാളി മനസിലേക്ക് ചേക്കേറി പിന്നീട് സാന്ത്വനം എന്ന സീരിയലിൽ ബാലേട്ടനായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആളാണ് രാജീവ് പരമേശ്വർ. ഇതിനിടക്ക് ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളാണ് അദ്ദേഹത്തിന് കൂടുതൽ സ്വീകാര്യത നൽകിയത്. ഇപ്പോൾ തമിഴിലാണ് രാജീവ് കൂടുതലും സജീവം. ഇതിനിടെ മൈൽസ്റ്റോൺ മേക്കേഴ്സിന് രാജീവ് നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
'കിഷ്കിന്ധാ കാണ്ഡം' എന്ന സിനിമയിൽ ആസിഫ് അലി ചെയ്ത കഥാപാത്രം തനിക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു എന്നും രാജീവ് പരമേശ്വർ അഭിമുഖത്തിൽ പറയുന്നു. ''അതൊരു ആഗ്രഹം മാത്രമാണ്. ആസിഫ് ആ വേഷം വളരെ നന്നായി ചെയ്തിട്ടുണ്ട്. എന്നെ അതിലേക്ക് എന്തായാലും വിളിക്കില്ല എന്ന കാര്യം നന്നായി അറിയാം. കാരണം എന്റെ മാർക്കറ്റും ആ സിനിമയുടെ മാർക്കറ്റുമെല്ലാം വ്യത്യസ്തമാണ്. ഈ സിനിമയിൽ ആസിഫ് ചെയ്ത കഥാപാത്രത്തിന് എന്റെ യഥാർത്ഥ ജീവിതവുമായി വളരെയധികം ബന്ധമുണ്ട്.
ആസിഫിന്റെ അച്ഛനായി അഭിനയിച്ചത് കുട്ടേട്ടൻ (വിജയരാഘവൻ) ആണല്ലോ. അദ്ദേഹത്തിന്റെയൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്റെ അച്ചനും കിഷ്കിന്ധാ കാണ്ഡത്തിൽ കുട്ടേൻ അവതരിപ്പിച്ച കഥാപാത്രവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. അച്ഛനെയും അവസാന കാലങ്ങളിൽ മറവിരോഗം ബാധിച്ചിരുന്നു. ചില സീനുകളൊക്കെ കണ്ടപ്പോൾ ഇതൊക്കെ എന്റെ ജീവിതത്തിൽ നടന്നതാണല്ലോ എന്നൊക്കെ ഓർത്തു'', രാജീവ് പരമേശ്വർ പറഞ്ഞു.
സീരിയലുകൾ സെൻസർ ചെയ്യേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും രാജീവ് അഭിമുഖത്തിൽ സംസാരിച്ചു. ''സീരിയൽ കാണുന്നത് മോശമാണെന്ന് പറയുന്നവരുണ്ട്. അങ്ങനെയാണെങ്കിൽ എല്ലാം സെൻസർ ചെയ്യേണ്ടി വരും. വാർത്തകൾ വരെ സെൻസർ ചെയ്യേണ്ടി വരും. സെൻസർ ചെയ്യുന്നത് നല്ലതാണ്. ഇപ്പോഴാണ് അതിന്റെ ആവശ്യം വർദ്ധിച്ച് വരുന്നത്. സമൂഹത്തിൽ ഒരു പ്രശ്നം വരുമ്പോഴാണ് ഇങ്ങനെയുളള ചർച്ചകൾ ഉണ്ടാകുന്നത്. ഏതെങ്കിലും ഒരു സീരിയൽ ചർച്ചയിൽ വന്നാൽ എല്ലാം സീരിയലുകളും മോശമാണെന്ന് പറയുന്ന അവസ്ഥയാണ്. ഇഷ്ടമുളളത് മാത്രം കണ്ടാൽ മതി'', രാജീവ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക