മമ്മൂട്ടി തന്നെ നായകനായെത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഹര്‍ഷദ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്
മമ്മൂട്ടിയെ (Mammootty) നായകനാക്കി നവാഗതയായ റത്തീന പി ടി (Ratheena PT) സംവിധാനം ചെയ്യുന്ന 'പുഴു'വിന്‍റെ (Puzhu Movie) ചിത്രീകരണം പൂര്‍ത്തിയായി. പാക്കപ്പ് സമയത്തെ ഗ്രൂപ്പ് ഫോട്ടോയ്ക്കൊപ്പം മമ്മൂട്ടി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകളും ചുരുങ്ങിയ വാക്കുകളില്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
"പുഴുവിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി എന്നറിയിക്കുവാന്‍ സന്തോഷമുണ്ട്. പുരോഗമനപരവും ഉത്കര്‍ഷേച്ഛ നിറഞ്ഞതുമായ ഒരു ചിത്രമാണിത്. ഇതിന്‍റെ നിര്‍മ്മാണ ഘട്ടവും വലിയ അനുഭവമായിരുന്നു. അവസാന പ്രോഡക്റ്റ് നിങ്ങളേവരും കാണുന്നതുവരെയുള്ള അക്ഷമയാണ് ഇനി", മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും. മമ്മൂട്ടി തന്നെ നായകനായെത്തിയ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഹര്‍ഷദ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഷര്‍ഫു, സുഹാസ് എന്നിവര്‍ക്കൊപ്പമാണ് ഹര്‍ഷദ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. പാര്‍വ്വതി തിരുവോത്തിനൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തേനി ഈശ്വറാണ് ഛായാഗ്രഹണം. കലാസംവിധാനം മനു ജഗത്ത്. റെനിഷ് അബ്‍ദുൾഖാദർ, രാജേഷ് കൃഷ്‍ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റിംഗ് ദീപു ജോസഫ്, സംഗീതം ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, വസ്‍ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും എസ് ജോർജ്ജും ചേർന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ, എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ചിങ്ങം ഒന്നിന് എറണാകുളത്തു വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ. സെപ്റ്റംബര്‍ 10ന് മമ്മൂട്ടി ജോയിന്‍ ചെയ്‍തു.