പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം.വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്.
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്.
ഇടക്കാല ജാമ്യത്തിലാണ് നടൻ നേരത്തെ പുറത്തിറങ്ങിയത്. ഡിസംബര്‍ നാലിനാണ് പുഷ്പ-2 സിനിമയുടെ പ്രീമിയര്‍ ഷോക്കിടെ സന്ധ്യ തിയറ്ററിൽ തിരക്കിൽപ്പെട്ട് ദുരന്തമുണ്ടായത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുൻ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗര്‍ സ്വദേശിനി രേവതി ആണ് മരിച്ചത്. രേവതിയുടെ മകൻ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ തിയറ്ററിൽ രാത്രി അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുന്നതിന്‍റെയും മരിച്ച രേവതിയെ പുറത്തേക്ക് കൊണ്ടുവരുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് അല്ലു അര്‍ജുന്‍റെ സെക്യൂരിറ്റി മാനേജറെയും അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഡിസംബര്‍ 13നാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
അന്ന് രാത്രിയോടെ തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി പിറ്റേദിവസമാണ് അല്ലു അര്‍ജുനെ ജയിൽ അധികൃതര്‍ പുറത്തിറക്കിയത്. അന്ന് അരലക്ഷം രൂപയുടെ ബോണ്ടിലാണ് നാലാഴ്ചത്തേക്ക് ജാമ്യം നൽകിയത്. ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി തീരുന്നതിന് മുമ്പാണിപ്പോള്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം ലഭിക്കുന്നത്.
'പുഷ്‍പ 2' ദുരന്തം; അല്ലു അർജുൻ സ്ഥിരം ജാമ്യാപേക്ഷ നൽകി