ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന തരത്തിൽ സന്ദർശനം പാടില്ലെന്ന് പൊലീസ് അറിയിച്ചു.
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് നടൻ അല്ലു അർജുൻ. ഇക്കാര്യമാവശ്യപ്പെട്ട് താരം ഹൈദരാബാദ് രാംഗോപാൽ പേട്ട് പൊലീസിൽ അപേക്ഷ നൽകി. ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന തരത്തിൽ സന്ദർശനം പാടില്ലെന്നും തിക്കും തിരക്കുമുണ്ടാക്കിയാകും സന്ദർശനമെങ്കിൽ അത് മാറ്റി വെയ്ക്കുന്നതാകും നല്ലതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അടുത്തിടെ അറിയിച്ചിരുന്നു. 9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോൾ വെന്‍റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന ആശ്വാസ വാർത്തയും പുറത്തുവന്നിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ തന്നെ കുട്ടി ശ്വസിക്കാൻ തുടങ്ങിയത് വലിയ ആശ്വാസമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
തലച്ചോറിനേറ്റ മാരകമായ ക്ഷതം മൂലം കുട്ടി കണ്ണ് തുറക്കുകയോ ശബ്ദങ്ങളോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഭക്ഷണം ഇപ്പോഴും ട്യൂബിലൂടെ തന്നെയാണ് നൽകുന്നതെന്നാണ് വിവരം. തലച്ചോറിന്‍റെ മാരകപരിക്കുകൾ മെച്ചപ്പെടാൻ മാസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.
READ MORE: ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്