'ബെട്ടാവ ഹുവു' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് അദ്ദേഹത്തെ തേടി എത്തുന്നുണ്ട്.
കന്നഡ സിനിമാലോകത്തെ മിന്നും താരമായിരുന്ന പുനീത് രാജ് കുമാറിന്റെ നിര്യാണം സിനിമാപ്രേമികളുടെ ഹൃദയങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത് നികത്താനാവാത്ത ശൂന്യതയാണ്. അപൂർവ്വസുന്ദരമായ വ്യക്തിത്വം കൊണ്ടും, അനന്യമായ അഭിനയ പ്രതിഭകൊണ്ടും അദ്ദേഹം സൃഷ്ടിച്ചിരുന്ന മാജിക്കിന്റെ ഉത്തമോദാഹരണങ്ങളാണ് ഈ സിനിമകൾ.
കന്നഡയിലെ അറിയപ്പെടുന്ന സിനിമാ താരമായ രാജ് കുമാറിന്റെ മകനായിരുന്നു പുനീത് ഒരു ബാലതാരം എന്ന നിലയ്ക്കാണ് വെള്ളിത്തിരയിലെ തന്റെ അരങ്ങേറ്റം നടത്തുന്നത്. 'ബെട്ടാവ ഹുവു' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പുനീതിന് വെറും പത്തു വയസ്സുമാത്രമായിരുന്നു പ്രായം. എൽ ലക്ഷ്മിനാരായൺ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് പോലും അദ്ദേഹത്തെ തേടി എത്തുന്നുണ്ട്.
നിരവധി ചിത്രങ്ങളിൽ ബാലതാരമായി നടിച്ച ശേഷം 2002 -ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത അപ്പു എന്ന ചിത്രത്തിലൂടെ പുനീത് നായകവേഷത്തിൽ അരങ്ങേറ്റം നടത്തുന്നു. കന്നടയ്ക്കു പുറമെ തെലുഗു, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്ത സിനിമ തുടർച്ചയായ 200 ദിവസം കളിച്ച് ബോക്സ് ഓഫീസിലും ചരിത്രം സൃഷ്ടിക്കുന്നു.
അടുത്ത പ്രധാന ചിത്രം 2003 -ൽ പുറത്തിറങ്ങിയ അഭി ആയിരുന്നു. അന്ന് പതിനാറു കോടി നേടിയ ചിത്രം അക്കൊല്ലത്തെ ഏറ്റവും വലിയ കമേഴ്ഷ്യൽ വിജയങ്ങളിൽ ഒന്നായിരുന്നു. ഒരു മുസ്ലിം പെൺകുട്ടിയെ സ്നേഹിച്ചു വിവാഹം കഴിക്കുന്ന ഹിന്ദു യുവാവ് ജീവിതത്തിൽ നേരിടുന്ന സംഘർഷങ്ങളായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.
2007 -ൽ മഹേഷ് ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അരശ് ആയിരുന്നു അടുത്ത പ്രധാന ഹിറ്റ്. പ്രണയം തിരസ്കരിക്കപ്പെട്ടതിന്റെ വിഷാദത്തിൽ സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ഒരു കോടീശ്വരപുത്രന്റെ കഥയാണ് അരശ്. രമ്യ, മീര ജാസ്മിൻ എന്നിവർ അഭിനയിച്ച ഒരു ത്രികോണ പ്രണയ ചിത്രമായ അരശ് പുനീതിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.
അടുത്ത പ്രധാന ചിത്രം പ്രകാശ് സംവിധാനം ചെയ്ത മിലാന ആയിരുന്നു. പാർവതി മേനോനും, പൂജ ഗാന്ധിയും നായികമാരായ ഈ ഫാമിലി ഡ്രാമ ചിത്രവും അമ്പതിലധികം കേന്ദ്രങ്ങളിൽ നൂറിലധികം ദിവസം തകർത്തോടിയ ഒന്നാണ്. പിന്നീട് തെലുഗു ബ്ലോക്ക് ബസ്റ്റർ ചിത്രമായ ഒക്കുഡുവിന്റെ റീമേക്ക് ആയ അജയ് എന്ന സിനിമയും പുനീതിന് വിജയം സമ്മാനിച്ച ഒന്നാണ്. പുനീതും ഭാവനയും നായികാ നായകന്മാരായി അഭിനയിച്ച ജാക്കി 2010 -ലാണ് പുറത്തിറങ്ങിയത്. അതിനു പിന്നാലെ നാടോടികൾ എന്ന തമിഴ് ഹിറ്റ് ചിത്രത്തിന്റെ റീമേക്കായ ഹുദുഗാരു എന്ന മൾട്ടി സ്റ്റാറർ ചിത്രവും വിജയം കണ്ടു. സന്തോഷ് ആനന്ദ് രാം സംവിധാനം ചെയ്ത രാജകുമാര ഒരു ആക്ഷൻ ഡ്രാമ ചിത്രമായിരുന്നു. അത് ആറാഴ്ചകൾക്കുള്ളിൽ ആറായിരം ഷോ തികയ്ക്കുന്ന ആദ്യ ചിത്രമെന്ന നേട്ടത്തിന് അർഹമായിരുന്നു.