സജിമോൻ കോടതിയിൽ പോയത് സ്വന്തം നിലയ്ക്ക്, ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല: ബി രാഗേഷ്

By Web TeamFirst Published Jul 24, 2024, 4:11 PM IST
Highlights

മലയാള സിനിമയിലെ ചിലരുടെ ഭയമണ് ഹേമക്കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്തതിന് പിന്നിലെന്ന് സംവിധായകൻ വിനയനും പ്രതികരിച്ചു. 

കൊച്ചി : ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമ്മാതാവ് സജിമോൻ പാറയിലിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന. സ്വന്തം നിലയ്ക്കാണ് സജിമോൻ ഹർജിയുമായി കോടതിയിൽ പോയതെന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് റിപ്പോർട്ട്‌ പുറത്ത് വിടുന്നതിൽ എതിർപ്പില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാഗേഷ് പ്രതികരിച്ചു. സജിമോൻ സംഘടനയിൽ താൽക്കാലിക അംഗത്വം എടുത്തിരുന്നുവെന്നും രാഗേഷ് വിശദീകരിച്ചു.

മലയാള സിനിമയിലെ ചിലരുടെ ഭയമണ് ഹേമക്കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്തതിന് പിന്നിലെന്ന് സംവിധായകൻ വിനയനും പ്രതികരിച്ചു. സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത്. 

Latest Videos

റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജിയിലാണ് ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്.

''മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. ഇതിൽ തുടർ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോർട്ട്‌ പുറത്ത് വിടുന്നതിൽ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോർട്ട്‌ ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ല''. റിപ്പോർട്ട്‌ പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിക്കുന്നു. എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും തന്നെ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.  

click me!