"ഞങ്ങളെ സംബന്ധിച്ച് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യം അതാണ്"
മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് മലൈക്കോട്ടൈ വാലിബനോളം ആവേശമുയര്‍ത്തുന്ന ഒരു ചിത്രം സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ചിത്രം ഏത് തരത്തിലുള്ളതായിരിക്കുമെന്ന് അണിയറക്കാര്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിട്ടുള്ളതൊഴിച്ചാല്‍ കഥയോ പശ്ചാത്തലമോ ഒക്കെ ഇപ്പോഴും സര്‍പ്രൈസ് ആണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹനിര്‍മ്മാതാവ് സിദ്ധാര്‍ഥ് അനന്ദ് കുമാര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സരിഗമയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയ സിദ്ധാര്‍ഥ് വാലിബനില്‍ തനിക്കുള്ള പ്രതീക്ഷ പങ്കുവെക്കുന്നത്.
കുട്ടിക്കാലത്ത് നമ്മള്‍ വായിച്ചു വളര്‍ന്ന ഇതിഹാസ കഥകള്‍ക്ക് സമാനമാണ് വാലിബന്‍റെ കഥയുമെന്ന് പറയുന്നു സിദ്ധാര്‍ഥ്. "അതേസമയം ഇതൊരു പുരാണ കഥയുമല്ല. പുരാണകഥയായും അവതരിപ്പിക്കാവുന്ന ചിത്രമാണ് ഇത്. പക്ഷേ അങ്ങനെയല്ല ചെയ്തിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് ഏറെ കൗതുകമുണര്‍ത്തുന്ന കാര്യമാണ് അത്. ഏത് തരം ചിത്രമാണോ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്, ന്യായമായ ബജറ്റിലാണ് ലിജോ അത് ചെയ്തിരിക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് തോന്നിയത്. ഇവിടെ ഒരു സംവിധായകന്‍റെ സര്‍ഗാത്മക സാഹസമാണ്. അതേസമയം മുതല്‍മുടക്കിന്‍റെ കാര്യത്തില്‍ സുരക്ഷിതത്വവുമുണ്ട്", സിദ്ധാര്‍ഥ് അനന്ദ് കുമാര്‍ പറയുന്നു.
മറ്റ് എപിക് ചിത്രങ്ങളുമായി ആരാധകര്‍ വാലിബനെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സിദ്ധാര്‍ഥിന്‍റെ മറുപടി ഇങ്ങനെ- "പൊന്നിയില്‍ സെല്‍വന്‍, ബാഹുബലി തുടങ്ങിയ ചിത്രങ്ങളുമായി ആളുകള്‍ വാലിബനെ താരതമ്യം ചെയ്യുന്നുണ്ട്. എത് തെറ്റാണ്. ചില സമാനതകള്‍ ഉണ്ടാവാം. അതേസമയം ഒരേപോലെയുള്ള ചിത്രങ്ങളുമല്ല". ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വാചാലനാവുന്നു- "അദ്ദേഹം ഒരു ഗംഭീര നടനാണ്. മറ്റ് ഏതൊരു അഭിനേതാവിന്‍റെയും കണ്ണുകളേക്കാള്‍ കൂടുതല്‍ സംസാരിക്കും അദ്ദേഹത്തിന്‍റെ കണ്ണുകള്‍. വാലിബനില്‍ പക്ഷേ അദ്ദേഹം കണ്ണുകള്‍ മാത്രമല്ല ഉപയോഗിച്ചിട്ടുള്ളത്, മറിച്ച് മുഴുവന്‍ ശരീരവുമാണ്. ഒരുപാട് ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രമാണ് ഇത്. മോഹന്‍ലാലില്‍ നിന്ന് പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്തതരം ആക്ഷന്‍ ആയിരിക്കും അത്", സിദ്ധാര്‍ഥ് അനന്ദ് കുമാര്‍ പറയുന്നു.
ALSO READ : ആരാധകരുടെ കാത്തിരിപ്പിന് ഇതാ കൃത്യമായ ഉത്തരം! പ്രഖ്യാപനവുമായി മോഹന്‍ലാല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം