സ്റ്റൈലിസ്റ്റുകള്‍, മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളൊക്കെയാണ് സെറ്റില്‍ വലിയ വിവേചനം നേരിടുന്നതെന്നും സാന്ദ്ര.
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ഇതിനകം ഒരുപിടി മികച്ച സിനിമകൾ ഇവരുടെ നിർമാണത്തിൽ മലയാളികൾക്ക് ലഭിച്ചു കഴിഞ്ഞു. പലപ്പോഴും നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത സന്ദ്ര നിലവിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കത്തിലാണ്. ഈ അവസരത്തിൽ തന്റെ സ്വന്തം സിനിമാ സെറ്റിൽ നേരിടേണ്ടി വന്നൊരു വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് സാന്ദ്ര.
ഭക്ഷണത്തിന്റെ പേരിൽ നേരിട്ട വിവേചനത്തെ കുറിച്ചാണ് സാന്ദ്ര പറയുന്നത്. 'ഞാനൊരു നിർമാതാവാണ്. ഞാനാണ് എന്റെ സിനിമകളുടെ സെറ്റിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഞാൻ പൈസ കൊടുത്തിട്ടാണ് ആ സെറ്റിൽ ഭക്ഷണം വാങ്ങുന്നത്. അതാണ് എല്ലാവരും കഴിക്കുന്നതും. കഴിഞ്ഞ സിനിമയിലെ ക്യാമറാമാൻ ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് കിട്ടിയില്ലല്ലോ എന്നാണ് ഞാൻ പറഞ്ഞത്. സംവിധായകനോട് ചോദിച്ചപ്പോൾ പുള്ളിക്കും കിട്ടിയിട്ടുണ്ട്. അതായത് ആണുങ്ങളായിട്ടുള്ള എല്ലാവർക്കും ഈ സ്പെഷ്യൽ ബീഫ് കിട്ടിയിട്ടുണ്ട്. ഒരു നിർമാതാവായ എനിക്കത് കിട്ടിയിട്ടില്ല. അവസാനം മെസ് നടത്തുന്ന ചേട്ടനെ വിളിച്ചിട്ട് ചേട്ടാ ബീഫ് കഴിച്ചാൽ എനിക്കും ഇറങ്ങും എന്ന് പറഞ്ഞു. അങ്ങനെ പറയേണ്ടി വന്നു', എന്നാണ് സാന്ദ്ര പറയുന്നത്. കെഎല്‍എഫ് വേദിയില്‍ ആയിരുന്നു തുറന്നുപറച്ചില്‍.
സിനിമാ സെറ്റുകളിൽ ഏറ്റവും കൂടുതൽ സ്റ്റൈലിസ്റ്റുകള്‍, മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളൊക്കെയാണെന്ന് സാന്ദ്ര പറയുന്നു. അവർക്ക് പരാതി പോലും പറയാൻ പറ്റാത്ത അവസ്ഥയാണെന്നും അവർ പറയുന്നു. '23മത്തെ വയസിൽ സിനിമയിൽ വന്നൊരാളാണ് ഞാൻ. ആദ്യം ചെയ്ത ബിസിനസ് ഇതായിരുന്നു. ഭാഗ്യം കൊണ്ട് അത് നന്നായി വന്നു. സിനിമയിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. എല്ലാം വലിയ പാഠങ്ങൾ ആയിരുന്നു', എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..