സൂപ്പര്‍ താരത്തിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം.
കൊവിഡിന് ശേഷമാണ് ഒടിടി പ്ലാറ്റ് ഫോമുകൾക്ക് പ്രചാരം ഏറുന്നത്. മലയാള സിനിമകളെ ഇതര ഭാഷകർക്ക് കൂടുതൽ സുപരിചതമാക്കിയതും ഈ കാലമായിരുന്നു. തിയറ്ററിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാകും സിനിമകൾ ഒടിടിയിലേക്ക് എത്തുക. അതിന് മുൻപ് സ്ട്രീമിംഗ് തുടങ്ങുന്ന സിനിമകളും 50 ദിവസം പിന്നിട്ട് ഒടിടിയിൽ എത്തിയ സിനിമകളും ധാരാളമാണ്.
തിയറ്ററിൽ ലഭിച്ച പ്രേക്ഷക സ്വീകാര്യത, കണ്ടന്റ്, അഭിനേതാക്കൾ ഒക്കെയാകും ഒരു സിനിമയുടെ ഒടിടി വിറ്റുപോകുന്നതിനുള്ള പ്രധാനഘടകം. അതനുസരിച്ചാകും നിർമാതാക്കൾക്ക് ലഭിക്കുന്ന തുകയും. ഇത്തരത്തിൽ കോടികൾ നൽകാമെന്ന് പറഞ്ഞിട്ടും പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന് നിർമാതാവ്, പ്രീമിയർ നൽകാത്തൊരു സിനിമയുണ്ട് മലയാളത്തിൽ. 2021ൽ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം കാവൽ ആണ് ആ പടം. ജോബി ജോർജ്ജ് ആയിരുന്നു നിർമ്മാണം. തനിക്ക് വലിയ സാമ്പത്തിക ലാഭം സമ്മാനിച്ച സിനിമ കൂടിയാണ് കാവലെന്നും ജോബി പറഞ്ഞു.
"കാവൽ സിനിമ എനിക്ക് നൽകിയ സാമ്പത്തിക ലാഭം വളരെ വലുതായിരുന്നു. ഭയങ്കര ലാഭം ആയിരുന്നു. നെറ്റ്ഫ്ലിക്സിന് തന്നെ കൊടുത്തത് നല്ല വിലക്കാണ്. പക്ഷേ അതിലും കൂടുതൽ കിട്ടിയേനെ. നെറ്റ്ഫ്ലിക്സ് കാവൽ പ്രീമിയറിന് ചോദിച്ചിരുന്നു. 21 കോടിയാണ് അതിനായി അവരെനിക്ക് ഓഫർ ചെയ്തത്. നമ്മളൊരു സമൂഹ ജീവിയല്ലേ. ഞാൻ മാത്രം പുട്ടടിച്ചിട്ട് കാര്യമില്ലല്ലോ. തിയറ്ററുകാരും നമുക്ക് വേണം. അങ്ങനെ നെറ്റ്ഫ്ലിക്സിനോട് നോ പറഞ്ഞു. തിയറ്റർ റിലീസിന് ശേഷമുള്ള റൈറ്റ് അവർക്ക് കൊടുത്തു. എനിക്ക് വൻ ലാഭം ആയിരുന്നു. എനിക്കങ്ങനെ നഷ്ടം വരില്ല. അനുഗ്രഹീതനായിട്ടുള്ള ആളാണ് ഞാൻ. എന്റെ അമ്മയുടെ പ്രാർത്ഥന", എന്നായിരുന്നു ജോബി ജോർജ് പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുഷ്പ 2 റിലീസിന് മൂന്ന് ദിവസം മാത്രം; അല്ലു അർജുന് വൻ തിരിച്ചടി
നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് കാവൽ. ആക്ഷൻ ത്രില്ലർ ഗണത്തിലെത്തിയ ചിത്രത്തിൽ സുരേഷ് ഗോപിയ്ക്ക് ഒപ്പം രൺജി പണിക്കർ, മുത്തുമണി, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്ണൻ, ഐ.എം. വിജയൻ, അലൻസിയർ ലേ ലോപ്പസ് തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം