'15,000 അടിയുടെ സിനിമയ്ക്ക് ഒന്നര ലക്ഷം അടി ഫിലിം എക്സ്പോസ് ചെയ്തു'; 'അമരം' ബജറ്റ് വെളിപ്പെടുത്തി നിർമ്മാതാവ്

By Web Desk  |  First Published Dec 31, 2024, 9:02 PM IST

"അമരം ലാഭകരം തന്നെയായിരുന്നു. പക്ഷേ അതിന്‍റെ നിര്‍മ്മാണച്ചെലവ്.."


മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളില്‍ പെട്ട ഒന്നാണ് അമരം. ലോഹിതദാസിന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രം. 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ നിര്‍മ്മാണം പില്‍ക്കാലത്ത് സംവിധായകനുമായ ബാബു തിരുവല്ല ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. അമരം വിചാരിച്ചതിലും അധികം ചിലവ് വന്ന സിനിമയാണെന്ന് പറയുന്നു അദ്ദേഹം. അതിനുള്ള കാരണവും വ്യക്തമാക്കുന്നു. പോപഡോം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു തിരുവല്ല ഇക്കാര്യം പറയുന്നത്.

"അമരം ലാഭകരം തന്നെയായിരുന്നു. പക്ഷേ അതിന്‍റെ നിര്‍മ്മാണച്ചെലവ് ഭയങ്കരമായിട്ട് കൂടി. കടലില്‍ വച്ച് എടുക്കുന്ന ഷോട്ട്സ് ഒക്കെയാണല്ലോ. ഒന്നൊന്നര ലക്ഷം അടി ഫിലിം നെഗറ്റീവ് ഞങ്ങള്‍ എക്സ്പോസ് ചെയ്തിട്ടുണ്ട്. 10000- 15000 അടി മതി ഒരു സിനിമയ്ക്ക്. 15,000 അടിയുടെ സിനിമയ്ക്ക് ഒന്നര ലക്ഷം അടി എക്സ്പോസ് ചെയ്യുക എന്ന് പറഞ്ഞാല്‍ അത് വലിയ ചിലവാണ്. അന്ന് 25 ലക്ഷം എന്നൊക്കെ പറഞ്ഞാല്‍ ഒരു വലിയ ബജറ്റ് ആണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ 10 ലക്ഷം ഉണ്ടെങ്കില്‍ ഒരു സിനിമ ഉണ്ടാക്കാന്‍ പറ്റും. 25 ലക്ഷം എന്ന് പറഞ്ഞാല്‍ നല്ല ബജറ്റ് ആണ്. അമരത്തിന്‍റെ ബജറ്റ് അതിലുമൊക്കെ കൂടിപ്പോയി", ബാബു തിരുവല്ല പറയുന്നു.

Latest Videos

കെപിഎസി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ചിത്രത്തിലെ പ്രകടനം നേടിക്കൊടുത്തു. 

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'ലവ്‍ഡെയില്‍' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!