വരുമോ ആ ഹിറ്റ് കോമ്പോ, 14 വര്‍ഷത്തിന് ശേഷം? പ്രഖ്യാപനം നാളെ; കാത്തിരിപ്പില്‍ ബോളിവുഡ്

By Web Team  |  First Published Sep 8, 2024, 6:31 PM IST

14 വര്‍ഷം മുന്‍പാണ് ഇരുവരും അവസാനം ഒന്നിച്ചത്


ബോളിവുഡില്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി ഉള്ള താരമായിരുന്നു ഏറെക്കാലം അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് കാലത്ത് സിനിമ നേരിട്ട മൊത്തത്തിലുള്ള തകര്‍ച്ചയില്‍ അക്ഷയ് കുമാറും വീണു. വിരലിലെണ്ണാവുന്ന ചില ഭേദപ്പെട്ട വിജയങ്ങളൊഴിച്ചാല്‍ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പഴയതുപോലെ വിസ്മയം തീര്‍ക്കുന്നില്ല. എന്നാല്‍ പിറന്നാള്‍ ദിനമായ നാളെ (സെപ്റ്റംബര്‍ 9) അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്ന പുതിയ പ്രഖ്യാപനം എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഒരു കാലത്ത് ബോളിവുഡിലെ ഹിറ്റ് കോമ്പോ ആയിരുന്ന അക്ഷയ് കുമാര്‍- പ്രിയദര്‍ശന്‍ ചിത്രമാണ് നാളെ പ്രഖ്യാപിക്കാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രഖ്യാപനം 9 ന് വരുന്നതായ വിവരം മറ്റൊരു സൂചനയുമില്ലാതെ ഏഴാം തീയതി അക്ഷയ് കുമാര്‍ പങ്കുവച്ചിരുന്നു. അതേസമയം വരുന്നത് പ്രിയദര്‍ശന്‍ ചിത്രം ആവാനുള്ള സാധ്യതയാണ് ദേശീയ മാധ്യമങ്ങള്‍ പങ്കുവെക്കുന്നത്. വരുന്നത് ഒരു ഹൊറര്‍ കോമഡി ആണെന്നും ഏറെക്കാലത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സിനിമയുടെ കാര്യത്തില്‍ ഇരുവരും അന്തിമ തീരുമാനത്തില്‍ എത്തിയതെന്നും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

undefined

ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ഈ ഡിസംബറില്‍ ആരംഭിക്കുമെന്നും ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏക്ത കപൂറിന്‍റെ നിര്‍മ്മാണത്തില്‍ വരുന്ന ചിത്രം 2025 ല്‍ തിയറ്ററുകളിലെത്തും. ഈ പ്രോജക്റ്റ് യാഥാര്‍ഥ്യമായാല്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമായിരിക്കും പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് ഇവരുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കിയാര അദ്വാനി, അലിയ ഭട്ട് തുടങ്ങിയവര്‍ അക്ഷയ് കുമാറിനൊപ്പം എത്തിയേക്കാമെന്നും. 

ALSO READ : ഓണം കളറാക്കാന്‍ ആസിഫ് അലി; 'കിഷ്‍കിന്ധാ കാണ്ഡം' 12 ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!