ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്
മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. മലൈക്കോട്ടൈ വാലിബന്‍ എന്ന പേര് പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ ആരംഭിച്ച ഹൈപ്പ് റിലീസ് തീയതി ആയപ്പോഴേക്ക് കുതിച്ചുയര്‍ന്നു. എന്നാല്‍ റിലീസ് ദിനം ഫാന്‍സ് ഷോകള്‍ക്കിപ്പുറം ചിത്രം പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നില്ലെന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ദിവസങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ കാര്യമായി പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തിയെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രത്തെ കരകയറ്റാന്‍ അവയ്ക്ക് ആയില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഒടിടി റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
"ഒരിക്കല്‍ തട്ടിയെടുക്കപ്പെടുകയും വലിച്ചുകീറപ്പെടുകയും ചെയ്തു. ഇനി ഇത് കാത്തുസൂക്ഷിക്കപ്പെടും, സംരക്ഷിക്കപ്പെടും", മലൈക്കോട്ടൈ വാലിബന്‍റെ ഒടിടി പ്ലാറ്റ്‍ഫോം സ്ക്രീന്‍ഷോട്ടിനൊപ്പം പ്രശാന്ത് പിള്ള എക്സില്‍ കുറിച്ചു. ചിത്രത്തിന്‍റെ റിലീസിനിപ്പുറം മോശം അഭിപ്രായങ്ങള്‍ കാര്യമായി പ്രചരിച്ചതോടെ ലിജോ ജോസ് പെല്ലിശ്ശേരി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇത്രയും വെറുപ്പ് എന്തിനാണ് സൃഷ്ടിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഏത് തരത്തിലുള്ള ചിത്രം ഒരുക്കാനാണ് തങ്ങള്‍ ശ്രമിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
undefined
ഒരു രണ്ടാം ഭാഗം കൂടി വരുമെന്ന പ്രഖ്യാപനത്തോടെയാണ് മലൈക്കോട്ടൈ വാലിബന്‍ സ്ക്രീനില്‍ അവസാനിച്ചത്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഹരീഷ് പേരടി, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം