മമ്മൂട്ടിയ്ക്ക് എതിരെ വിദ്വേഷ പ്രചരണം: പ്രതികരിച്ച് രാഷ്ട്രീയ നേതാക്കൾ

By Web TeamFirst Published May 15, 2024, 6:39 PM IST
Highlights

വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചിട്ടുണ്ട്.

കൊച്ചി: കഴി‍ഞ്ഞ ദിവസങ്ങളിലായി നടൻ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. ഷാഫി പറമ്പിൽ എം എൽ എ, മന്ത്രി വി ശിവൻകുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയെ പിന്തുണച്ചും വിഷയത്തിൽ പ്രതികരണവുമായും രം​ഗത്ത് എത്തിയിരിക്കുന്നത്. 

"പ്രാഞ്ചിയേട്ടനും സേതുരാമയ്യർക്കും, നരസിംഹ മന്നാടിയാർക്കും കൈയ്യടിച്ചതും, അച്ചൂട്ടിയെ കണ്ട് കരഞ്ഞതും
ബെല്ലാരി രാജയെ കണ്ട് ചിരിച്ചതും, അഹമ്മദ് ഹാജിയെയും, കുട്ടനെയും മലയാളി വെറുത്തതും കഥാപാത്രത്തിൻ്റെയോ അഭിനേതാവിൻ്റെയോ  മതം നോക്കിയല്ല, മമ്മൂട്ടിയെന്ന മഹാനടന്റെ പകർന്നാട്ടം കണ്ടിട്ടാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും…പോവാൻ പറ എല്ലാ വർഗീയവാദികളോടും. ടർബോ ജോസിനായി കട്ട വെയിറ്റിംഗ്", എന്നാണ് ഷാഫി പറമ്പിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

Latest Videos

“മമ്മൂട്ടി ഒരു മതേതരവാദിയാണ്..ഇതിങ്ങനെ പറഞ്ഞ് നടക്കണ്ട ബാധ്യതയൊന്നും അദ്ദേഹത്തിനോ അദ്ദേഹത്തിനെ സ്നേഹിക്കുന്ന മനുഷ്യർക്കോയില്ല. അങ്ങനെ ഏതെങ്കിലും വ്യക്തികളുടെ വർഗ്ഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല അദ്ദേഹം. 'അനുഭവങ്ങൾ പാളിച്ചകളിലെ' ആൾക്കൂട്ടത്തിലൊരുവനിൽ തുടങ്ങി ആൾക്കൂട്ടത്തെ സൃഷ്ടിച്ച ‘ഭ്രമയുഗത്തിലെ’ കൊടുമൺ പോറ്റി വരെ ആ മനുഷ്യൻ ഈ നാടിന്റെ നായകനായി അഞ്ച് പതിറ്റാണ്ടായി നമ്മുടെ മുന്നിൽ തന്നെയുണ്ട്..നാളെ ടർബോ ജോസിനെയും കൊട്ടും കുരവയും ആർപ്പുവിളിയുമായി മലയാളി വരവേല്ക്കും, അതും മതം നോക്കിയല്ല..കേരളം പഴയ കേരളമായിരിക്കില്ല, പക്ഷേ മമ്മുക്ക പഴയ മമ്മുക്ക തന്നെയാണ്”, എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ.

വിനായകന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല: വിശദീകരണവുമായി കൽപ്പാത്തി ക്ഷേത്ര ഭാരവാഹികൾ 

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്, "ആ പരിപ്പ് ഇവിടെ വേവില്ല..മമ്മൂട്ടി മലയാളിയുടെ അഭിമാനം..", എന്നായിരുന്നു വി ശിവൻകുട്ടിയുടെ വാക്കുകൾ. അതേസമയം, വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചിട്ടുണ്ട്. ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്നതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!