പത്തൊൻപതാം നൂറ്റാണ്ടെന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
വിനയന്റെ സംവിധാനത്തിലുള്ള ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് (Pathonpatham Noottandu). സിജു വില്‍സണാണ് ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നായകനായി എത്തുന്നത്. വിനയൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പത്തൊൻപതാം നൂറ്റാണ്ടെന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ വിനയൻ ഓരോന്നായി പുറത്തുവിട്ടിരുന്നു. പുതിയൊരു പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍ വിനയൻ. നടൻ രാമുവിന്റെ (Ramu) ക്യാരക്ടര്‍ പോസ്റ്ററാണ് വിനയൻ പുറത്തുവിട്ടിരിക്കുന്നത്.
തിരുവിതാംകൂര്‍ ദിവാനായിട്ടാണ് ചിത്രത്തില്‍ രാമു അഭിനയിക്കുന്നതെന്ന് എഴുതിയ കുറിപ്പോടെയാണ് വിനയൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നടൻ രാമുവാണ് ദിവാന്റെ കഥാപാത്രത്തിനു ജീവൻ നൽകുന്നത്. രാജഭരണകാലത്ത് പ്രധാനമന്ത്രിയുടെ പദവിയിലുള്ള ഭരണാധികാരി ആയിരുന്നു ദിവാൻ. അറുമുഖം പിള്ള ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ (1729).
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലഘട്ടത്തിൽ മാധവ റാവുവും ശേഷയ്യയുമായിരുന്നു പേരെടുത്ത രണ്ടു ദിവാൻമാർ. അയിത്തത്തിനും തൊട്ടുകൂടായ്‍മക്കുമെതിരെ അധസ്ഥിതർക്കുവേണ്ടി പോരാടിയതിന് ഉന്നതരായ ഉദ്യോഗസ്ഥരും നാടുവാഴികളും ചേർന്ന് വേലായുധനെ ഇല്ലായ്‍മ ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ അതിനോട് അനുകൂലിക്കാനോ എതിർക്കാനോ പറ്റാത്ത ദിവാന്റെ മാനസികാവസ്ഥ രാമു തൻമയത്വത്തോടെ കൈകാര്യം ചെയ്‍തു. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ക്ലൈമാക്സ് ഷുട്ടിംഗ് പുരോഗമിക്കുകയാണെന്നും വിനയൻ എഴുതുന്നു. വിനയൻ തന്നെയാണ് ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഷെയര്‍ ചെയ്യുന്നത്.
അടുത്ത വർഷം വിഷുച്ചിത്രമായി തീയറ്ററുകളിൽ പത്തൊൻപതാം നൂറ്റാണ്ട് എത്തുമെന്നും വിനയൻ അറിയിച്ചിട്ടുണ്ട്. ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.