സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്
തങ്ങളുടെ പ്രിയതാരത്തെ നാല് വര്‍ഷത്തിനു ശേഷം വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനാവുന്നതിന്‍റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്പൈ ആക്ഷന്‍ ത്രില്ലര്‍ പഠാന്‍ ആണ് ആ ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. ഹൈപ്പ് വലുതായതുകൊണ്ടു തന്നെ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകള്‍ക്കായി ട്വിറ്ററിലും മറ്റും ആരാധകര്‍ മുറവിളി കൂട്ടാറുണ്ട്. ഷാരൂഖ് ഖാന്‍ തന്നെ ആരാധകരില്‍ നിന്ന് ഏറ്റവുമധികം കേള്‍ക്കുന്ന ചോദ്യമായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എന്നെത്തും എന്നത്. ഇപ്പോഴിതാ അക്കാര്യത്തില്‍ കൃത്യമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നാളെ രാവിലെ 11 ന് പുറത്തെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. കാത്തിരുപ്പിന് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് കിംഗ് ഖാന്‍റെ ട്വീറ്റ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.
Thank u for waiting….ab Pathaan ki mehfil mein aa jao…. out TOMORROW at 11 AM!
Hindi - https://t.co/sNPeRLR5p5
Telugu - https://t.co/istxh0xDhL
Tamil - https://t.co/rb9KKDB0Iw pic.twitter.com/fMAvtE9fh8
അതേസമയം ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെയാണ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു വീഡിയോ ഗാനത്തില്‍ നായിക ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലിയാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ബഹിഷ്കരണാഹ്വാനം ഉയര്‍ന്നത്. ചിത്രത്തിന്‍റെ കട്ടൌട്ടുകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചില തിയറ്ററുകള്‍ക്കെതിരെ അക്രമവും അരങ്ങേറിയിരുന്നു.