ഷാരൂഖ് ഖാനും വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രം
ബോളിവുഡ് ഒരു വിജയത്തിനായി ഏറ്റവുമധികം കാത്തിരുന്ന സമയത്ത് വിജയിച്ച ചിത്രമാണ് പഠാന്‍. സമകാലിക ഹിന്ദി സിനിമയില്‍ ഈ ഷാരൂഖ് ഖാന്‍ ചിത്രത്തിന്‍റെ വിജയത്തിന് തിളക്കമേറുന്നതും അതുകൊണ്ടാണ്. ഷാരൂഖ് ഖാനെ സംബന്ധിച്ചും പഠാന്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളിലെത്തിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇതുകൊണ്ടും നില്‍ക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് നേരത്തെ അറിയിച്ച കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 657.25 കോടിയാണ്. ആഗോള ഗ്രോസ് 1049.60 കോടിയും. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആയിരുന്നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഒടിടി റിലീസിനും പിന്നാലെ ചില വിദേശ മാര്‍ക്കറ്റുകളിലേക്ക് കൂടി ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. യാഷ് രാജ് ഫിലിംസ് സിഇഒയും പഠാന്‍ സഹനിര്‍മ്മാതാവുമായ അക്ഷയ് വിധാനി വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഇത്. എന്നാല്‍ ഇവിടങ്ങളിലെ റിലീസ് തീയതി എന്നാണെന്ന് അറിയിപ്പ് എത്തിയിട്ടില്ല.
സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ALSO READ : മനസില്‍ കുടിയേറും ഈ 'കള്ളനും ഭഗവതിയും'; റിവ്യൂ