റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല
ഇത് റീ റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വന്‍ വിജയം നേടിയ ചിത്രങ്ങളും വലിയ പ്രതീക്ഷയോടെയെത്തി തിയറ്ററുകളില്‍ പരാജയപ്പെട്ട ചിത്രങ്ങളും വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നുണ്ട്. ഫിലിമില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങളൊക്കെ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി ശബ്ദ, ദൃശ്യ മികവുമായാണ് പുതിയ പ്രേക്ഷകരെത്തേടി എത്തുന്നത്. രജനികാന്തിന്‍റെ ബാഷയും മോഹന്‍ലാലിന്‍റെ സ്ഫടികവും മുതല്‍ നിവിന്‍ പോളിയുടെ പ്രേമം വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ റിലീസ് സമയത്ത് തിയറ്ററുകളില്‍ തരംഗം തീര്‍ത്ത മറ്റൊരു ചിത്രവും റീ റിലീസിന് ഒരുങ്ങുകയാണ്.
അമീറിന്‍റെ രചനയിലും സംവിധാനത്തിലും കാര്‍ത്തി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തെത്തിയ പരുത്തിവീരന്‍ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. 2007 ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണിത്. പ്രിയാമണിയായിരുന്നു ചിത്രത്തിലെ നായിക. കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രവുമാണ് ഇത്. സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച ചിത്രം മൂന്നൂറിലധികം ദിനങ്ങളിലാണ് റിലീസ് സമയത്ത് തിയറ്ററുകളില്‍ ഓടിയത്. റീമാസ്റ്ററിംഗ് നടത്തിയ പതിപ്പിന് വന്‍ സ്ക്രീന്‍ കൗണ്ടോടെ റിലീസ് നല്‍കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നതെന്ന് അറിയുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
undefined
അതേസമയം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയും സംവിധായകന്‍ അമീറും തമ്മില്‍ സമീപകാലത്തുണ്ടായ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും റീ റിലീസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന് ആശങ്കപ്പെടുന്നവര്‍ സിനിമാരംഗത്തുണ്ട്. ചിത്രീകരണ സമയത്ത് അമീര്‍ തനിക്ക് ചെലവ് സംബന്ധിച്ച് വ്യാജ ബില്ലുകള്‍ നല്‍കിയതായ ജ്ഞാനവേല്‍ രാജയുടെ ആരോപണം തമിഴ് സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സിനിമാരംഗത്തെ നിരവധി പേര്‍ അമീറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജ്ഞാനവേല്‍ രാജ മാപ്പ് പറഞ്ഞ് രംഗത്തെത്തിയതോടെയാണ് പിന്നീട് ഇത് സംബന്ധിച്ച വിവാദം അവസാനിച്ചത്.
ALSO READ : സിനിമ കിട്ടിയപ്പോള്‍ 'പാടാത്ത പൈങ്കിളി' ഉപേക്ഷിച്ചോ? സത്യാവസ്ഥ പറഞ്ഞ് സൂരജ് സണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം