റെസ്റ്റ് ഓഫ് കേരള റിലീസും ഈ വാരാന്ത്യത്തില്‍
സമീപകാല മലയാള സിനിമയില്‍ മികച്ച വിജയങ്ങളിലൊന്നായി മാറുകയാണ് ജോഷിയുടെ (Joshiy) സുരേഷ് ഗോപി (Suresh Gopi) ചിത്രം പാപ്പന്‍ (Paappan). വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്നു മാത്രം 13.28 കോടിയാണ് നേടിയത്. എന്നാല്‍ ഇത് കേരളത്തിലെ മാത്രം കളക്ഷനാണ്. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും ഒപ്പം ജിസിസി, യുഎസ് മാര്‍ക്കറ്റുകളിലും ചിത്രം ഈ വാരാന്ത്യത്തില്‍ എത്തും. ആദ്യ വാരം കേരളത്തില്‍ നിന്ന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതിനാല്‍ വിദേശ മലയാളികളില്‍ നിന്നും ചിത്രത്തിന് മികച്ച വരവേല്‍പ്പ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ജിസിസിക്കൊപ്പം യുഎസിലും മികച്ച സ്ക്രീന്‍ കൌണ്ട് ആണ് ചിത്രത്തിന്.
ലോസ് ഏഞ്ചലസ്, അറ്റ്ലാന്‍റ, ബോസ്റ്റണ്‍, ഡെട്രോയിറ്റ് തുടങ്ങി പ്രമുഖ നഗരങ്ങളിലെല്ലാം പാപ്പന് റിലീസ് ഉണ്ട്. ആകെ യുഎസിലെ 58 നഗരങ്ങളിലെ 62 സ്ക്രീനുകളിലാണ് ചിത്രം എത്തുക. നാലിനാണ് റിലീസ്. യുഎസിലെ തിയറ്റര്‍ ലിസ്റ്റും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം കേരളത്തില്‍ ചിത്രം നേടിയ മികച്ച കളക്ഷന്‍ കണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ വിതരണാവകാശമായി മികച്ച തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഫ്ഒ മൂവീസ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യ റൈറ്റ്സ് നേടിയിരിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ALSO READ : നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു