കാത്തിരിപ്പ് അവസാനിച്ചു, 'പാപ്പന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

By Web Team  |  First Published Sep 1, 2022, 3:39 PM IST

50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം


ബോക്സ് ഓഫീസില്‍ സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രമാണ് ജോഷിയുടെ സംവിധാനത്തില്‍ എത്തിയ പാപ്പന്‍. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററുകളില്‍ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് എന്നായിരിക്കും എന്നത് സിനിമാപ്രേമികളില്‍ അന്നുമുതലേ ഉള്ള കാത്തിരിപ്പാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ആയിരിക്കും ചിത്രം എത്തുകയെന്ന വിവരം നേരത്തേ പുറത്തെത്തിയിരുന്നു. എന്നാല്‍ റിലീസ് തീയതി എത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം സീ 5ല്‍ പ്രീമിയര്‍ ചെയ്യപ്പെടും. സീ കേരളമാണ് ചിത്രത്തിന്‍റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ താരപ്രഭാവം നന്നായി ഉപയോഗപ്പെടുത്തിയാണ് ചിത്രം പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തത്. ആര്‍ ജെ ഷാനിന്‍റേതായിരുന്നു ചിത്രത്തിന്‍റെ രചന. 

Latest Videos

ALSO READ : 'മൈക്കിളപ്പനും ജോണ്‍ കാറ്റാടി'യും മാത്രമല്ല; ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങള്‍

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. ആദ്യ ഒരാഴ്ച കേരളത്തില്‍ നിന്നു നേടിയ കളക്ഷന്‍ 17.85 കോടി ആയിരുന്നു. വിദേശ, ഇതര സംസ്ഥാന റിലീസുകള്‍ സംഭവിച്ചതിനു ശേഷം 10 ദിവസത്തെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് 31.43 കോടി ആയിരുന്നു. മഴയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസിലെ ഗ്രോസും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ നേടിയ തുകയും ചേര്‍ത്ത് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

premieres on the 7th of September, watch the movie with you friends & family exclusively on ZEE5.
.
. pic.twitter.com/aFD7lafEBo

— ZEE5 Keralam (@zee5keralam)

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രവുമാണ് ഇത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

click me!