വഴിത്തിരിവായി ആ ഗാനമേള, ജയചന്ദ്രൻ ചലച്ചിത്ര ഗായകനായത് ഇങ്ങനെ

By Web Desk  |  First Published Jan 9, 2025, 10:06 PM IST

മദ്രാസിലെ ആ ഗാനമേളയാണ് ജയചന്ദ്രന്റെ സിനിമാ ജീവിതത്തില്‍ നിര്‍ണായകമായത്.


മലയാളത്തിന്റെ ഭാവസാന്ദ്രമായ ശബ്‍ദമായിരുന്നു ഇന്ന് അന്തരിച്ച പി ജയചന്ദ്രൻ. കാലങ്ങളോളം മലയാളികള്‍ ഏറ്റുപാടിയ ശബ്‍ദത്തിനുടമ. ഇനിയും കാലങ്ങളോളം മലയാളികള്‍ ആവര്‍ത്തിച്ചു പാടുമെന്ന് ഉറപ്പുള്ള ഒട്ടേറെ ഗാനങ്ങള്‍ ബാക്കിവെച്ചാണ് പി ജയചന്ദ്രൻ വിടവാങ്ങിയിരിക്കുന്നത്. മലയാളികളുടെ കേള്‍വിയുടെ ഓര്‍മയില്‍ ആ ശബ്‍ദം ഇനിയും മുഴങ്ങിക്കൊണ്ടേയിരിക്കും.

സ്‍കൂള്‍ കാലത്തേ സംഗീത ലോകത്ത് വരവറിയിച്ചിരുന്നു പി ജയചന്ദ്രൻ. മൃദംഗവായന, ലൈറ്റ് മ്യൂസിക് എന്നിവയില്‍ അക്കാലത്ത് സമ്മാനങ്ങളും നേടി. 1958ലായിരുന്നു അത്. പിന്നീട് ജയചന്ദ്രന്റെ സംഗീത ജീവിതം വിപുലമാകുന്നത് ഗാനമേളകളിലൂടെയാണ്.

Latest Videos

സുവോളജിയില്‍ ബിരുദം നേടിയ ശേഷമാണ് ഗാനമേളകളിലും പി ജയചന്ദ്രൻ സാന്നിദ്ധ്യമാകുന്നത്. മദ്രാസില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥാനായിട്ടായിരുന്നു ആദ്യത്തെ ജോലി. അക്കാലത്ത് മദ്രാസില്‍ ഗാനമേളയ്‍ക്ക് പാടിയത് സംഗീത ജീവിതത്തില്‍ വഴിത്തിരിവായി. സിനിമാ നിര്‍മാതാവ് ശോഭന പരമേശ്വരനും സംവിധായകൻ എ വിൻസെന്റും ജയചന്ദ്രിന്റെ പാട്ട് കേള്‍ക്കാനുണ്ടായിരുന്നു. യുവ ഗായകന്റെ പാട്ട് ഇഷ്‍ടമായതിനാല്‍ സിനിമയിലേക്കുള്ള ക്ഷണിച്ചു. 'കുഞ്ഞാലി മരയ്‍ക്കാര്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയത്. 1965ല്‍. ഒരു മുല്ലപ്പൂമാലയുമായിയെന്ന ഗാനമായിരുന്നു ജയചന്ദ്രൻ ആദ്യം പാടിയത്. പി ഭാസ്‍കരന്റെ വരികള്‍ക്ക് ചിദംബരമായിരുന്നു സംഗീതം നല്‍കിയത്. എന്നാല്‍ ആ സിനിമ വൈകി.

ജയചന്ദ്രന്റെ ആലാപന ഭംഗി ഒരു സിനിമയിലൂടെ ആദ്യമായി മലയാളികള്‍ കേട്ടത് 'കളിത്തോഴനി'ലൂടെയായിരുന്നു. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി', 'ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ആദ്യ ഗാനത്തോടെ പി ജയചന്ദ്രൻ ചലച്ചിത്ര ഗാനാസ്വാദകരുടെ പ്രിയങ്കരനായി. ജയചന്ദ്രൻ പാടിയ ഗാനങ്ങള്‍ ഗാനമേളകളില്‍ തുടര്‍ന്നങ്ങോട്ട് ഹിറ്റ് പാട്ടുകളായി. ശേഷം ജയചന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സിനിമാ പിന്നണി ഗായകനായി. പി ജയചന്ദ്രന്റെ സംഗീതം പേരുകേട്ട അവാര്‍ഡുകള്‍ വാരിക്കൂട്ടി പിന്നീട്.  ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ജെ സി ഡാനിയല്‍ അവാര്‍ഡ് പി ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 'ശ്രീ നാരായണ ഗുരു' എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഞ്ച് തവണ കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഗായകനായി. 'പണിതീരാത്ത വീട്', 'ബന്ധനം', 'നിറം', 'തിളക്കം', 'എന്നും എപ്പോഴും', 'ജിലേബി', 'എന്നു നിന്റെ മൊയ്‍തീൻ' എന്നീ സിനിമകളിലെ ഗാനത്തിനാണ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.

Read More: ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!