ആറു പതിറ്റാണ്ട് കാലം തെന്നിന്ത്യൻ ചലച്ചിത്ര ഗാനശാഖയിൽ നിറഞ്ഞ സ്വരമാണ് വിടവാങ്ങിയത്. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രൻ തന്‍റെ ശബ്ദത്തിലൂടെ ജീവൻ നൽകിയത്.
തിരുവനന്തപുരം: ആറു പതിറ്റാണ്ട് കാലം തെന്നിന്ത്യൻ ചലച്ചിത്ര ഗാനശാഖയിൽ നിറഞ്ഞ സ്വരമാണ് വിടവാങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രൻ തന്‍റെ ശബ്ദത്തിലൂടെ ജീവൻ നൽകിയത്. മെലഡി കിങായിരുന്ന പി ജയചന്ദ്രൻ പ്രായം നമ്മിൽ മോഹം നൽകി പോലുള്ള പാട്ടുകളിലൂടെ യുവത്വത്തെയും ഹരംകൊള്ളിച്ചു. എണ്‍പതാം വയസിലാണ് മലയാളത്തിന്‍റെ ഭാവ ഗായകന്‍റെ വിയോഗം. ഇന്ന് രാത്രി 7.45ഓടെയാണ് പി ജയചന്ദ്രന്‍റെ മരണം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു.
പതിഞ്ഞ ഭാവത്തിലെ പാട്ടുകള്‍ കൊണ്ട് വിസ്മയിപ്പിക്കുമ്പോഴും പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം കൂടിയായിരുന്നു ജയചന്ദ്രന്‍റേത്. പുത്തന്‍ തലമുറ ട്രെന്‍ഡായി കൊണ്ടാടിയ പാട്ടുകളോട് തന്‍റെ അഭിപ്രായവ്യത്യാസം തുറന്ന് പറയാനും അദ്ദേഹം മടിച്ചിരുന്നില്ല. രാസാത്തി ഉന്നെ കാണാമ നെഞ്ച് എന്ന ഗാനം ഇന്നും തെന്നിന്ത്യ ഏറ്റുപാടുന്ന പാട്ടാണ്. ഇളയരാജ-ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം തമിഴ ജനതയുടെ ആത്മാവിനോട് അത്രമാത്രം ഇഴുകി ചേര്‍ന്ന് നിൽക്കുന്നതാണ്. ദേശീയ പുരസ്കാരവും അഞ്ചു തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണിഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്.
അനുരാഗ ഗാനം പോലെ, നിന്‍മണിയറയിലെ, രാജീവ നയനേ നീയുറങ്ങൂ, ഒന്നിനി തിരിതാഴ്ത്തൂ, നീലഗിരിയുടെ സഖികളേ, പ്രായം തമ്മില്‍ പ്രേമം നല്‍കി, അറിയാതെ അറിയാതെ എന്നിങ്ങനെ അദ്ദേഹം എണ്ണിയാൽ തീരാത്ത പാട്ടുകള്‍ക്കും മലയാളികളുടെ ഹൃദയത്തിലാണ് സ്ഥാനം. പതിറ്റാണ്ടുകളോടും സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയ ഭാവഗായകൻ വിടവാങ്ങിയാലും അദ്ദേഹം ജീവൻ നൽകിയ ഗാനങ്ങള്‍ കാലാതീതമായി ജനമനസുകളിൽ തങ്ങിനിൽക്കും.
ഗാനമേളകള്‍ക്ക് പാടുമ്പോഴും ഓര്‍ക്കസ്ട്ര വെച്ചുതന്നെ പാടണമെന്നും മൈനസ് ട്രാക്ക് വെച്ച് പാട്ടുന്നവരെ തല്ലുകയാണ് വേണ്ടതെന്ന് തുറന്ന് പറഞ്ഞ ഗായകനായിരുന്നു പി ജയചന്ദ്രൻ. കൊലവെറി പോലുള്ള പാട്ടുകള്‍ പുതിയ തലമുറയുടെ തലയിലെഴുത്താണെന്നും പി ജയചന്ദ്രൻ തുറന്നടിച്ചിട്ടുണ്ട്. അത്തരമൊരു പാട്ടിന് മാര്‍ക്കിടാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് റിയാലിറ്റി ഷോയില്‍ നിന്നും ഇറങ്ങിപ്പോയ നിലപാടുകാരനായിരുന്നു പി ജയചന്ദ്രൻ. ശാസ്ത്രീയമായി സംഗീതം പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെ പാടാന്‍ പറ്റില്ലായിരുന്നെന്നും ഗാനമേളയ്ക്ക് കിട്ടുന്ന കാശ് പോലും ലഭിക്കില്ലായിരുന്നെന്നും അദ്ദേഹം തുറന്നു പറഞ്ഞു. തലയെടുപ്പും തന്നിഷ്ടവും ആയിരുന്നു വ്യക്തിജീവിതത്തിന്‍റെ അലങ്കാരം.
ഗായകന്‍ എന്ന മേല്‍വിലാസത്തിനായി തന്‍റെ ഇഷ്ടങ്ങളെയോ നിലപാടുകളെയോ ഒരിക്കലും അദ്ദേഹം മാറ്റിവച്ചില്ല. തൈര് ഉപയോഗിക്കരുതെന്ന് പല പാട്ടുകാരും സ്നേഹത്തോടെ വിലക്കിയിട്ടും ജയചന്ദ്രന് അത് ചെവിക്കൊണ്ടില്ല. മുറുക്കുന്നത് ഹരമാണെങ്കിലും അതുമാത്രം തന്‍റെ ജീവിതത്തില്‍ അല്‍പം നിയന്ത്രിച്ചു.സുശീലാമ്മയായിരുന്നു സംഗീതലോകത്തെ അദ്ദേഹത്തിന്‍റെ കണ്‍കണ്ട ദൈവം.അമ്മയെ കുറിച്ച് പറയാന്‍ എപ്പോഴും നൂറ് നാവായിരുന്നു. അതുപോലെ തന്നെ ആരാധിച്ചിരുന്നു എം.എസ്.വിശ്വനാഥനെയും മുഹമ്മദ് റാഫിയെയും. തന്നെ പറ്റി ആരെന്ത് പറഞ്ഞാലും കൂസാതെയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അതേസമയം നല്ല പാട്ടുകളെ കുറിച്ചും പാട്ടറിവിനെക്കുറിച്ചും സമാനതകളില്ലാത്ത അറിവും അര്‍പ്പണവും. വ്യക്തിജീവിതത്തിലും ഒരു കാട്ടുക്കൊമ്പന്‍റെ ശൗര്യത്തോടെ നിറഞ്ഞ ഇതിഹാസത്തിന് പ്രണാമം.
മഞ്ഞലയിൽ മുങ്ങിത്തോർത്തി വന്ന ധനു മാസ ചന്ദ്രിക...; ഓര്‍മയായത് മലയാളിയുടെ പ്രണയനാദം
ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി
അന്ന് യേശുദാസ് ക്ലാസിക്കല്‍ ഗായകനായപ്പോള്‍ മൃദംഗവിദ്വാനുള്ള പുരസ്‍കാരം നേടിയ പി ജയചന്ദ്രൻ