''കാട്ടാനകള്‍ കാടിറങ്ങി ഗ്രാമത്തിലേക്ക് വരും. ചെവിയാട്ടി തുമ്പിക്കൈ ഉയര്‍ത്തി കാട്ടനക്കൂട്ടം ആ പാട്ട് ആസ്വദിച്ച് അങ്ങനെ നില്‍ക്കും. പാട്ട് കഴിയുമ്പോള്‍ അവര്‍ കാടുകയറും. സിനിമ ആ തിയറ്ററില്‍ നിന്നും മാറുന്നത് വരെ ഈ സംഭവം തുടര്‍ന്നുപോന്നു''...
ഇന്നും തെന്നിന്ത്യ ഏറ്റുപാടുന്ന ഇളയരാജ-ജയചന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്നൊരു പാട്ടുണ്ട്. ''രാസാത്തി ഉന്നെ കാണാമ നെഞ്ച്'... എന്ന ഗാനം തമിഴന്റെ ആത്മാവിനോട് അത്രമാത്രം ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നു.
വര്‍ഷം 1984. 'വൈദേഹി കാത്തിരുന്താൾ' എന്ന സിനിമ റിലീസായി. തമിഴ്നാട്ടിലെ കമ്പത്ത് കാടിനോട് ചേര്‍ന്നുള്ള ഒരു തിയറ്ററില്‍ പടം കളിക്കുന്നു. "രാസാത്തി ഉന്നെ" എന്ന പാട്ട് തുടങ്ങിയാല്‍ കാട്ടാനകള്‍ കാടിറങ്ങി ഗ്രാമത്തിലേക്ക് വരും. ചെവിയാട്ടി തുമ്പിക്കൈ ഉയര്‍ത്തി കാട്ടനക്കൂട്ടം ആ പാട്ട് ആസ്വദിച്ച് അങ്ങനെ നില്‍ക്കും. പാട്ട് കഴിയുമ്പോള്‍ അവര്‍ കാടുകയറും. സിനിമ ആ തിയറ്ററില്‍ നിന്നും മാറുന്നത് വരെ ഈ സംഭവം തുടര്‍ന്നുപോന്നു. ഇളയരാജ പലവേദികളിലും പറഞ്ഞൊരു അനുഭവകഥ. രാജയുടെ സംഗീതത്തിന് ശബ്ദം നല്‍കിയത് ജയചന്ദ്രന്‍.
തമിഴന്റെ രക്തത്തിൽ കലർന്നുപോയൊരു ഗാനമാണ് ''രാസാത്തി ഉന്നെ കാണാമ നെഞ്ച്''. ഫോക്ക് എന്നോ കർണാടിക് എന്നോ വേർതിരിക്കാനാവാത്ത ഒരപൂർവഗാനം. ഈ ഗാനം എന്നെക്കൊണ്ടു പാടിച്ചതിന് ഞാൻ സർവേശ്വരനോട് എന്നും നന്ദിയുള്ളവനായിരിക്കും. ഒരിക്കല്‍ ഈ പാട്ടിനെ കുറിച്ച് ജയചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍.
ഈ സിനിമയിലെ മൂന്നു ഗാനങ്ങള്‍ ഒറ്റദിവസം തന്നെ ലൈവായി റിക്കോർഡ് ചെയ്തും അന്ന് ജയചന്ദ്രന്‍ ഞെട്ടിച്ചു. മനുഷ്യനെ മാത്രമല്ല, സർവജീവജാലങ്ങളെയും തന്റെ ശബ്ദം കൊണ്ട് പിടിച്ചുനിര്‍ത്തിയ ഇതിഹാസ ഗായകനാണ് വിടവാങ്ങുന്നത്.
ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി