ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഔദ്യോഗിക എച്ച്ഡി പതിപ്പ് യുട്യൂബില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത് നിര്‍മ്മാണക്കമ്പനിയായ എസ് ക്യൂബ് ഫിലിംസ് ആണ്
എംടിയുടെയും ഹരിഹരന്‍റെയും മമ്മൂട്ടിയുടെയും സിനിമാജീവിതത്തിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1989ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍ പാട്ടുകളിലെ 'ചതിയന്‍ ചന്തു'വിനെ സ്വന്തം തൂലികയാല്‍ എംടി പുനര്‍നിര്‍വ്വചിച്ചപ്പോള്‍ മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നാണ് പിറന്നത്. ചന്തുവായി തിളങ്ങിയ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിക്കൊടുത്തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹൈ ഡെഫനിഷന്‍ പ്രിന്‍റ് യുട്യൂബില്‍ എത്തിയിരിക്കുകയാണ്.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഔദ്യോഗിക എച്ച്ഡി പതിപ്പ് യുട്യൂബില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത് നിര്‍മ്മാണക്കമ്പനിയായ എസ് ക്യൂബ് ഫിലിംസ് ആണ്. ഗൃഹലക്ഷ്‍മി ഫിലിംസിന്‍റെ സഹോദരസ്ഥാപനമായ എസ് ക്യൂബ് ഫിലിംസിന്‍റെ സാരഥികള്‍ പി വി ഗംഗാധരന്‍റെ മക്കളായ ഷെനുഗ, ഷെഗ്‍ന, ഷെര്‍ഗ എന്നിവരാണ്. പാര്‍വ്വതി നായികയായ മനു അശോകന്‍ ചിത്രം 'ഉയരെ' നിര്‍മ്മിച്ചത് ഈ കമ്പനി ആയിരുന്നു. ചിത്രത്തിന്‍റെ നിലവാരമുള്ള പ്രിന്‍റ് യുട്യൂബില്‍ ഇതുവരെ ലഭ്യമായിരുന്നില്ല. ഗൃഹലക്ഷ്‍മി പ്രൊഡക്ഷന്‍സിന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ഏകലവ്യന്‍ എന്നീ ചിത്രങ്ങളുടെ എച്ച് ഡി പതിപ്പുകളും തങ്ങളുടെ യുട്യൂബ് ചാനലില്‍ എസ് ക്യൂബ് ഫിലിംസ് അപ്‍ലോഡ് ചെയ്തിട്ടുണ്ട്.