രസകരമായ സന്ദേശത്തിന്‍റെ ഓഡിയോ പങ്കുവച്ച് സംവിധായകന്‍
മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ പോലെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ഒരു മലയാള ചിത്രം സമീപ വര്‍ഷങ്ങളില്‍ കുറവായിരിക്കും. എന്നാല്‍ റിലീസിനിപ്പുറം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളില്‍ ലഭിച്ചത്. ലഭിച്ച പ്രീ റിലീസ് ഹൈപ്പ് പരമാവധി പ്രയോജനപ്പെടുത്തിയുള്ളതായിരുന്നു ചിത്രത്തിന്‍റെ പരസ്യ പ്രചരണം. അക്കൂട്ടത്തില്‍ പെട്ടതായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഒടിയന്‍റെ പ്രതിമകള്‍. തയ്യാറാക്കപ്പെട്ട പ്രതിമകളില്‍ രണ്ടെണ്ണം പാലക്കാട്ടെ തന്‍റെ ഓഫീസിനു മുന്നില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു സംവിധായകന്‍ വി എ ശ്രീകുമാര്‍. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നോക്കുമ്പോള്‍ പ്രതിമകളിലൊന്ന് അപ്രത്യക്ഷം! പിന്നാലെ അദ്ദേഹത്തിന്‍റെ ഫോണിലേക്ക് ഒരു ശബ്ദ സന്ദേശവുമെത്തി. പ്രതിമകളിലൊന്ന് താന്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഒന്നും തോന്നരുതെന്നുമാണ് പേര് വെളിപ്പെടുത്താത്ത ഒരാള്‍ പറയുന്നത്.
"ശ്രീകുമാര്‍ സാര്‍ ഒന്നും വിചാരിക്കേണ്ട. ലാലേട്ടന്‍റെ പ്രതിമകളില്‍ ഒന്ന് ഞാന്‍ എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. ഇവിടെ ഒന്ന് ആളാകാന്‍ വേണ്ടിയിട്ടാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍. എനിക്ക് ഒരു വിലയില്ലാത്തതു പോലെയാണ് നാട്ടില്‍. പ്രതിമ വീട്ടില്‍ കൊണ്ടുവച്ചാല്‍ ഒരു വിലയുണ്ടാവും. ഒരു പേരുണ്ടാക്കാന്‍ വേണ്ടിയാണ് സാര്‍", എന്നാണ് സന്ദേശം.
ഇത് സംബന്ധിച്ച വി എ ശ്രീകുമാറിന്‍റെ പോസ്റ്റ് ഇങ്ങനെ- "ഒരു ഒടിയൻ ആരാധകൻ ചെയ്ത പണി നോക്കൂ... 😀😀 പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയന്മാർ രണ്ടുണ്ട്. ഒടിയൻ സിനിമയുടെ പ്രചരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശിൽപങ്ങളിൽ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെൽഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയൻ സന്ദർശകർ വർദ്ധിച്ചപ്പോൾ ഞങ്ങൾ കുറച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശിൽപ്പം പ്രദർശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം... കഴിഞ്ഞ ഞായർ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതിൽ ഒരു ഒടിയനില്ല. പിന്നാലെ ഫോണിൽ എത്തിയ മെസേജാണിത്...", ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.