സാക്ഷികളെ സ്വാധീനിക്കും എന്നതിനാൽ കേസിന്റെ വിചാരണ തീരുംവരെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം.
മുംബൈ : പ്രമാദമായ ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സീരീസ് സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. നേരത്തെ ഡോക്യു സീരീസ് കാണാൻ സിബിഐ ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കും എന്നതിനാൽ കേസിന്റെ വിചാരണ തീരുംവരെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു സി ബി ഐയുടെ ആവശ്യം.
പബ്ലിക് പ്രോസിക്യൂട്ടർ സിജെ നന്ദോഡ് മുഖേന സമർപ്പിച്ച അപേക്ഷയിൽ, നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററിയില്‍ പ്രതികളുടെയും കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ചില ഭാഗങ്ങളുണ്ടെന്നും. ഇത് കേസിനെ ബാധിക്കുമെന്നും അതിനാല്‍ സീരിസ് സ്റ്റേ ചെയ്യണമെന്നുമാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വിചാരണയുടെ അവസാനം വരെ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ ഡോക്യുമെന്‍ററി പ്രക്ഷേപണം ചെയ്യരുതെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.
2012 ഏപ്രിലിൽ ഇന്ദ്രാണി മുഖർജിയും അന്നത്തെ ഡ്രൈവർ ശ്യാംവർ റായിയും മുൻ ഭർത്താവ് സഞ്ജീവ് ഖന്നയും ചേർന്ന് ബോറയെ (24) കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ദ്രാണിയുടെ മുൻ ബന്ധത്തിലെ മകളായിരുന്നു ബോറ. 2015ൽ മറ്റൊരു കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡ്രൈവർ ശ്യാംവർ റായ് സംഭവം വെളിപ്പെടുത്തിയതോടെയാണ് ബോറയുടെ കൊലപാതകം പുറത്തറിഞ്ഞത്. 2015 ഓഗസ്റ്റിൽ അറസ്റ്റിലായ ഇന്ദ്രാണിക്ക് 2022 മേയ് മാസം മുതല്‍ ജാമ്യത്തിലാണ്. കേസ് ഇപ്പോഴും വിചാരണയിലാണ്.