'അമ്മ'യിലെ ആരെയും വിളിച്ചില്ല, ഹേമ കമ്മിറ്റി എടുത്തത് ഡബ്ല്യുസിസി ശുപാർശ ചെയ്തവരുടെ മൊഴി; കുക്കു പരമേശ്വരൻ

By Web Team  |  First Published Aug 23, 2024, 7:50 AM IST

അമ്മ സംഘടനയിൽ 200ഓളം സ്ത്രീകളുണ്ടെന്നും അവരെ ആരെയും മൊഴിയെടുക്കാൻ വിളിപ്പിച്ചില്ലെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.


തിരുവനന്തപുരം: ഡബ്ല്യുസിസി  നിർദ്ദേശിച്ചവരുടെ മൊഴിയാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയതെന്ന് കുക്കു പരമേശ്വരൻ. കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് പുറത്തുവന്നത്. പരാതിയുള്ളവർ പേരുകൾ തുറന്ന് പറയണമെന്നും കുക്കു പരമേശ്വരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ സ്വതന്ത്രമായാണ് പ്രവർത്തിച്ചതെന്നും മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ കുക്കു പരമേശ്വരൻ പറ‌ഞ്ഞു.

ഇനിയും മറയ്ക്ക് പിന്നില്‍ നില്‍ക്കേണ്ടതില്ല. ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്ന് പറയാൻ അവര്‍ തയ്യാറായി. അത് ലോകം അറിഞ്ഞു കഴിഞ്ഞു. ഇനി ആരാണെന്നതിനെക്കുറിച്ച് തുറന്ന് പറയണമെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. ആരോപിക്കുന്നയാള്‍ക്ക് പറയാനുള്ള അവസരം കിട്ടിയിട്ടില്ല. അത് ഹേമ കമ്മിറ്റി കേട്ടിട്ടില്ല. അത് ഇന്ത്യൻ ഭരണഘടനയിലുണ്ട്. മലയാള സിനിമയില്‍ ആകെ 62 പേരല്ലലോ ഉള്ളത്. അമ്മ എന്ന സംഘടനയിൽ 200ഓളം സ്ത്രീകളുണ്ട്. അവരില്‍ ഒരാളെയും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ശുപാര്‍ശ ചെയ്തവരുടെ മൊഴിയാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത്.  14വര്‍ഷം അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നയാളാണ്.

Latest Videos

ഈ കാലയളവില്‍ ഒരു പരാതിയും വന്നിട്ടില്ല. മറ്റു എവിടെങ്കിലും പറയുന്നത് അല്ല പരാതി. അത് പരാതിയായി എടുക്കാൻ പറ്റില്ല.അമ്മയുടെ ഐസിസിയില്‍ വന്നത് ആകെ ഒരു പരാതിയാണ്. അത് വളരെ ആത്മവിശ്വാസത്തോടെയാണ് ഏറ്റെടുത്തത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് ഹേമ കമ്മിറ്റിക്ക് തെളിയിക്കാൻ ആകില്ലലോ. ഇന്നലെ വരെ നടന്ന കാര്യം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. നാളെ എന്താണെന്ന് ആണ് തീരുമാനിക്കേണ്ടത്.

നീതി കിട്ടാത്തവര്‍ക്ക് നീതി ലഭ്യമാക്കണം. നാളെ ഇത്തരം കാര്യങ്ങള്‍ ഇല്ലാതെ നോക്കേണ്ടതുണ്ട്. സിനിമ മേഖല ഒരു തൊഴിലിടമാണ്. പുതിയ തലമുറ അവിടേക്ക് വരുന്നതാണ്. നല്ല നാളേക്കായി പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണം. ഇത്തരത്തില്‍ പ്രശ്ന പരിഹാരത്തിനായാണ് കോണ്‍ക്ലേവ്. ഒന്നിച്ച് മുന്നോട്ട് പോകുന്നതിനാണ് കോണ്‍ക്ലേവെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.  തെളിവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നോക്കും. ഇത്രയും പണം മുടക്കി കമ്മിറ്റിയെ നിയോഗിച്ച സര്‍ക്കാര്‍ അക്കാര്യങ്ങളും നോക്കുമെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.

ഡബ്ല്യൂസിസിയുടെ പ്രസ്താവന; ഒറ്റവാചകത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ

 

click me!