സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക്
ഈ ആഴ്ച മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തെ ഒഴിവാക്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്നാണ് സംഘടന ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നത്. ഫെബ്രുവരി 22 ന് എത്തുന്ന മഞ്ഞുമ്മല്‍ ബോയ്സിന്‍റെ റിലീസിന് ശേഷം തീരുമാനം നടപ്പാക്കാനാണ് സംഘടനയുടെ പുതിയ തീരുമാനം. വാര്‍ത്താസമ്മേളനത്തിലാണ് ഫിയോക് തീരുമാനങ്ങള്‍ വിശദീകരിച്ചത്.
സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക് പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പേരില്‍ കണ്ടന്‍റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റര്‍ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റര്‍ ഉടമകളാണ്. പ്രൊജക്റ്ററിന്‍റെ വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. 42 ദിവസം തിയറ്റര്‍ പ്രദര്‍ശനം കഴിഞ്ഞിട്ടേ സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണ്. പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷനും പ്രോജക്റ്റര്‍ നിബനധനകളും മള്‍ട്ടിപ്ലെക്സുകള്‍ക്ക് ബാധകമല്ലെന്നും ഫിയോക് കുറ്റപ്പെടുത്തുന്നു.
അതേസമയം മലയാള സിനിമകള്‍ ഈ വാരം മുതല്‍ റിലീസ് ചെയ്യില്ലെന്ന ഫിയോകിന്‍റെ തീരുമാനത്തെ എതിര്‍ത്ത് നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 22 ന് തിയറ്ററുകളില്‍ എത്തേണ്ട മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്‍റെയും തുടര്‍ന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചേര്‍ന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. "ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ തിയറ്ററുകള്‍ മഞ്ഞുമ്മല്‍ ബോയ്സ് പ്രദര്‍ശിപ്പിക്കുമെന്ന് കരാറിലേര്‍പ്പെട്ടുകൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തിയറ്ററുകളുമായി തുടര്‍ന്നും ഞങ്ങള്‍ സഹകരിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഈ ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയറ്ററുകളുമായി തുടര്‍ സഹകരണം വേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം", വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം