പുതുവര്‍ഷത്തില്‍ ബിഗ് ബജറ്റ് ചിത്രവുമായി നിവിന്‍ പോളി; നിര്‍മ്മാണം ശ്രീ ഗോകുലം മൂവീസ്

By Web Desk  |  First Published Jan 8, 2025, 10:34 PM IST

നിവിന്‍ പോളിയുടേതായി രണ്ട് ചിത്രങ്ങളാണ് 2024 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്


പുതുവര്‍ഷത്തില്‍ നിവിന്‍ പോളി നായകനാവുന്ന ഒരു ശ്രദ്ധേയ പ്രോജക്റ്റ് അണിയറയില്‍ ഒരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. നേരത്തെ തിയറ്ററുകളില്‍ മികച്ച വിജയം നേടിയ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം ആയിരിക്കും ഇത്. റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു കായംകുളം കൊച്ചുണ്ണിയുടെ സംവിധാനം. 

2025 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സംവിധാനം ആരെന്നതുള്‍പ്പെടെ അണിയറക്കാരുടെ പേരുവിവരങ്ങളും വൈകാതെ പുറത്തു വിടും.

Latest Videos

നിവിന്‍ പോളിയുടേതായി രണ്ട് ചിത്രങ്ങളാണ് 2024 ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയും വിനീത് ശ്രീനിവാസന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷവും. മലയാളി ഫ്രം ഇന്ത്യയില്‍ നിവിന്‍ പോളി നായകനായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അതിഥിതാരമായാണ് അദ്ദേഹം എത്തിയത്. അതിഥി വേഷമെങ്കിലും നിതിന്‍ മോളി എന്ന സിനിമാതാരമായ കഥാപാത്രം പ്രേക്ഷകരുടെ വലിയ കൈയടി നേടി. 

തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രവും നിവിന്‍ പോളിയുടേതായി പുറത്തെത്താനുണ്ട്. മമ്മൂട്ടിയെ നായകനാക്കി പേരന്‍പ് എന്ന ചിത്രമൊരുക്കിയ റാമിന്‍റെ പുതിയ ചിത്രത്തില്‍ നിവിന്‍ ആണ് നായകന്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കും 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. 

ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!