'ഓസ്‍ലറി'ന് തൊട്ടുപിന്നാലെ ജയറാമിന്‍റെ അടുത്ത ചിത്രം നാളെ തിയറ്ററുകളില്‍

By Web Team  |  First Published Jan 11, 2024, 8:03 PM IST

ത്രിവിക്രം ശ്രീനിവാസ് സംവിധാനം


മലയാളത്തില്‍ ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇന്ന് തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. ജയറാം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് ആണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ആണ് ജയറാമിന്‍റെ കഥാപാത്രം. ജയറാമിനൊപ്പം അതിഥി താരമായി എത്തുന്ന മമ്മൂട്ടിയും സര്‍ജന്‍റെ റോളിലെത്തുന്ന ജഗദീഷുമടക്കം തിയറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. അതേസമയം ഓസ്‍ലറിന് തൊട്ടുപിന്നാലെ, ജയറാം അഭിനയിച്ചിരിക്കുന്ന മറ്റൊരു ചിത്രവും തിയറ്ററുകളില്‍ എത്തുന്നുണ്ട്. പക്ഷേ അത് മലയാളത്തില്‍ നിന്നല്ല, തെലുങ്കില്‍ നിന്നാണ്.

മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്തിരിക്കുന്ന ഗുണ്ടൂര്‍ കാരം ആണ് അത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. തെലുങ്കില്‍ ഏറെ ആരാധകരുള്ള മഹേഷ് ബാബുവിന്‍റെ ഒരു ചിത്രം തിയറ്ററുകളിലെത്തുന്നത് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. അതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവുമാണിത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇതിനകം തന്നെ മികച്ച ഓപണിംഗ് കളക്ഷന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട് ഈ ചിത്രം. ജയറാം ഒരു പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Latest Videos

undefined

ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശ്രീലീലയാണ് നായിക. മീനാക്ഷി ചൗധരി, ജ​ഗപതി ബാബു, രമ്യ കൃഷ്ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രിവിക്രം സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം എന്ന നിലയില്‍ ടോളിവുഡില്‍ ഏറെക്കാലമായി കാത്തിരിപ്പ് ഉണര്‍ത്തുന്ന ചിത്രമാണിത്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം റെക്കോര്‍ഡ് കളക്ഷനാവും ചിത്രം നേടുകയെന്ന കണക്കുകൂട്ടലിലാണ് ടോളിവുഡ്. 

ALSO READ : ദുല്‍ഖര്‍ മാത്രമല്ല! മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രത്തില്‍ മറ്റൊരു മലയാളി താരം കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!