'ലിയോ' കത്തി നില്‍ക്കുമ്പോള്‍ തിയറ്ററുകളിലേക്ക് ഈ വാരം 8 സിനിമകള്‍, മലയാളത്തില്‍ നിന്ന് 4

By Web Team  |  First Published Oct 26, 2023, 5:35 PM IST

ജോജു ജോര്‍ജിനെ നായകനാക്കി എ കെ സാജന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച പുലിമട ഇന്ന് എത്തി


തിയറ്ററുകളിലെ പൂജ/ ദസറ സീസണ്‍ ചിത്രങ്ങളുടെ വരവായിരുന്നു കഴിഞ്ഞ വാരം. അക്കൂട്ടത്തിലെത്തിയ തമിഴ് ചിത്രം ലിയോ ആണ് കേരളത്തിലെ തിയറ്ററുകളെയും ഭരിക്കുന്നത്. എന്നാല്‍ ഈ വാരവും പുതിയ റിലീസുകള്‍ ഉണ്ട്. ഒന്നും രണ്ടുമല്ല, വിവിധ ഭാഷകളില്‍ നിന്നായി ഈ വാരം എട്ട് ചിത്രങ്ങളാണ് കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. അതില്‍ നാലെണ്ണം മലയാളത്തില്‍ നിന്ന് ഉള്ളവയാണ്.

ജോജു ജോര്‍ജിനെ നായകനാക്കി എ കെ സാജന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച പുലിമട, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ, കോട്ടയം നസീറും ജോസ്കുട്ടി ജേക്കബും പ്രധാനവേഷങ്ങളിലെത്തുന്ന, പിങ്കു പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച റാണി ചിത്തിര മാര്‍ത്താണ്ഡ, ശ്രീജിത്ത് ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ലാലു അലക്സും ദീപക് പറമ്പോലും മീര വാസുദേവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇമ്പം എന്നിവയാണ് മലയാളത്തില്‍ നിന്നുള്ള പുതിയ റിലീസുകള്‍.

Latest Videos

ശര്‍വേഷ് മെഹ്‍റയുടെ രചനയിലും സംവിധാനത്തിലും കങ്കണ റണൌത്ത് നായികയാവുന്ന തേജസ്, വിധു വിനോദ് ചോപ്രയുടെ രചനയിലും സംവിധാനത്തിലും വിക്രാന്ത് മസ്സേ നായകനാവുന്ന 12ത്ത് ഫെയില്‍ എന്നിവയാണ് ഹിന്ദിയില്‍ നിന്നുള്ള പുതിയ റിലീസുകള്‍. കന്നഡത്തില്‍ നിന്ന് മേഘ്ന രാജ് നായികയാവുന്ന സസ്പെന്‍സ് ത്രില്ലര്‍ തത്സമ തദ്ഭവ, ഹോളിവുഡില്‍ നിന്ന് ലിയനാര്‍ഡോ ഡികാപ്രിയോയും റോബര്‍ട്ട് ഡിനീറോയും അടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, മാര്‍ട്ടിന്‍ സ്കോര്‍സെസെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹോളിവുഡ് ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍ മൂണും ഈ വാരം ഇവിടെ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇക്കൂട്ടത്തില്‍ പുലിമട ഇന്ന് തിയറ്ററുകളിലെത്തി. മറ്റെല്ലാ ചിത്രങ്ങളും നാളെ (വെള്ളിയാഴ്ച) മുതല്‍.

ALSO READ : "ധ്രുവനച്ചത്തിരം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കോളെജില്‍, ഇപ്പോള്‍..."; പരിഹാസത്തിന് മറുപടിയുമായി ഗൗതം മേനോന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!