സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രമാണ് രോമാഞ്ചം
മലയാള സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആയിരുന്നു രോമാഞ്ചം. ഏറെക്കാലത്തിനു ശേഷം ഹൊറര്‍ കോമഡി വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. തിയറ്ററില്‍ റിപ്പീറ്റ് ഓഡിയന്‍സിനെ ഏറെ ലഭിച്ച ചിത്രമാണെങ്കിലും രോമാഞ്ചത്തിന്‍റെ ഒടിടി റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പ് സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു.
എന്നാല്‍ മലയാളത്തില്‍ നിന്ന് ഈ വാരമുള്ള ഒടിടി റിലീസ് രോമാഞ്ചം മാത്രമല്ല. ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും, ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ്‍വെല്‍ ജോസ് സംവിധാനം ചെയ്ത ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്, അര്‍ജുന്‍ അശോകന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്നീ ചിത്രങ്ങളാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന മറ്റ് മലയാള സിനിമകള്‍. ഇതില്‍ മഹേഷും മാരുതിയും ആമസോണ്‍ പ്രൈം വീഡിയോയിലും ഖാലിപേഴ്സ് സണ്‍ നെക്സ്റ്റിലും പ്രണയ വിലാസം സീ 5 ലുമാണ് സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്.
മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗിനു ശേഷം സേതു സംവിധാനം ചെയ്ത ചിത്രമാണ് മഹേഷും മാരുതിയും. എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിൾ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ സേതു അവതരിപ്പിച്ചിരിക്കുന്നത്. സേതു തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. പല തലമുറയുടെ പ്രണയത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് പ്രണയ വിലാസം.
ALSO READ : 'കണ്ണൂര്‍ സ്ക്വാഡി'ന് പാക്കപ്പ്; മികച്ച അനുഭവമായിരുന്നെന്ന് മമ്മൂട്ടി