Nayanthara- Vignesh Shivan wedding : വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായി

By Sujith Chandran  |  First Published Jun 9, 2022, 9:21 AM IST

സംവിധായകൻ വിഘ്‍നേശ് ശിവനും നടി നയൻതാരയും വിവാഹിതരായി (Nayanthara- Vignesh Shivan wedding).


തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ർട്ടിൽ നടന്ന വിവാഹത്തിൽ വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട ഏതാനം അതിഥികളും മാത്രമാണ് പങ്കെടുത്തത്.  ബോളിവുഡിലേയും തെന്നിന്ത്യൻ സിനിമയിലേയും നിരവധി പ്രമുഖർ ചടങ്ങിനെത്തി. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ നയൻതാരയുടേയും വിഘ്നേഷ് ശിവന്‍റേയും വിവാഹം.

അടുത്തിടെ തെന്നിന്ത്യൻ സിനിമലോകം കണ്ട ഏറ്റവും താരനിബി‍ഡമായ ചടങ്ങായിരുന്നു മഹാബലിപുരത്ത് നടന്നത്. അതിരാവിലെ തന്നെ ചടങ്ങുകൾ തുടങ്ങി. എട്ടരയോടെ അതിഥികൾ എത്തിത്തുടങ്ങി. രജനീകാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്നം, ആര്യ, സൂര്യ, ആറ്റ്ലി അങ്ങനെ നീണ്ടു താരനിര. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം പ്രായോഗിക കാരണങ്ങൾ കൊണ്ടും അതിഥികളുടെ സൗകര്യത്തിനായും മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു.  

Latest Videos

undefined

 ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്‍റെ വിവാഹം അതിന്‍റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു. കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്‍ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്‍റ് മാനേജ്മെന്‍റ് ടീമിന്‍റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതൽ. വിവാഹം ചിത്രീകരിച്ച് നെറ്റ്ഫ്ലിക്സിൽ കൂടി ഡോക്യു ഫീച്ചറായി സ്ക്രീൻ ചെയ്യും. ഗൗതം മേനോനാകും ഈ വീഡിയോ ഒരുക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ബോളിവുഡിലേയും തെന്നിന്ത്യയിലേയും സൂപ്പർ, മെഗാ താരങ്ങൾ പങ്കെടുത്ത വിവാഹം എന്നത് മാത്രമല്ല നയൻ താര, വിഘ്നേഷ് ശിവൻ വിവാഹത്തിന്‍റെ പ്രത്യേകത. വിനോദ വ്യവസായ രംഗത്ത് കോടികൾ വിപണിമൂല്യമുള്ള മെഗാ ഇവന്‍റായും അത് മാറുന്നു.

Read More : പൊലീസ് കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ലേഡി സൂപ്പർസ്റ്റാറിന്‍റെ മനം കവർന്ന വിക്കി

click me!