'അവരെ ഞാന്‍ പറ്റിക്കുകയായിരുന്നു': രജനികാന്തിന്‍റെ പേട്ടയില്‍ അഭിനയിച്ചത് സംബന്ധിച്ച് നവാസുദ്ദീൻ സിദ്ദിഖി

By Web Team  |  First Published Feb 16, 2024, 9:28 PM IST

രജനികാന്ത് നായകനായ പേട്ടയിലെ തന്‍റെ ഡയലോഗുകളുടെ അർത്ഥം മനസിലാക്കാതെയാണ് അഭിനയിച്ചത് എന്നാണ് നവാസുദ്ദീൻ സിദ്ദിഖി തുറന്നു പറയുന്നത്. 


ചെന്നൈ: രജനികാന്ത് നായകനായി എത്തിയ ചിത്രം പേട്ടയില്‍ താന്‍ ഒട്ടും നന്നായി അഭിനയിച്ചില്ലെന്ന് നടന്‍ നവാസുദ്ദീൻ സിദ്ദിഖി. രജനികാന്ത് നായകനായ പേട്ടയിലെ തന്‍റെ ഡയലോഗുകളുടെ അർത്ഥം മനസിലാക്കാതെയാണ് അഭിനയിച്ചത് എന്നാണ് നവാസുദ്ദീൻ സിദ്ദിഖി തുറന്നു പറയുന്നത്. അടുത്തിടെ അഭിനയിച്ച തെലുങ്ക് ചിത്രത്തിന്‍റെ പ്രമോഷനിടെയാണ്  സിദ്ദിഖി തന്‍റെ കുറ്റബോധം പങ്കുവെച്ചത്.

ഗലാറ്റ പ്ലസിനോട് സംസാരിക്കവെ രജനികാന്ത് സിനിമയിൽ പ്രവർത്തിച്ച അനുഭവം നവാസുദ്ദീൻ സിദ്ദിഖി  അനുസ്മരിച്ചത് ഇങ്ങനെയാണ്, “ഞാൻ രജനി സാറിനൊപ്പം പേട്ട എന്ന സിനിമ ചെയ്തപ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഞാൻ ഒരു കുറ്റബോധത്തിലായിരുന്നു. കാരണം ഞാൻ ചെയ്യാത്ത കാര്യത്തിന് പണം വാങ്ങുകയാണെന്നാണ് എനിക്ക് തോന്നിയത്. ഞാൻ അവരെ വിഡ്ഢികളാക്കിയെന്ന് ഞാൻ വിചാരിച്ചു. കാരണം എനിക്ക് ആരോ എന്തോ വായിച്ചു തരുന്നു. ഞാൻ അതിന് ചുണ്ടുകൾ അനക്കുകയായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല

Latest Videos

എനിക്ക് അതിലെ സംഭാഷണങ്ങള്‍ മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നിട്ടും ഞാന്‍ ആ റോള്‍ ചെയ്തു. എന്നാല്‍ സിനിമ റിലീസായപ്പോള്‍ പലരും വിളിച്ച് അഭിനന്ദിച്ചു, അതില്‍ നിന്നും ഞാന്‍ ഒളിച്ചോടി. ആ റോളിന് പണം കിട്ടിയപ്പോള്‍ തട്ടിപ്പാണോ ചെയ്യുന്നതെന്ന് സ്വയം ചോദിക്കും. അതിൽ എനിക്ക് ഒരുപാട് കുറ്റബോധം ഉണ്ട്. അതുകൊണ്ടാണ് പുതിയ തെലുങ്ക് ചിത്രം സൈന്ധവത്തിൽ ഞാന്‍ സ്വയം ഡബ്ബ് ചെയ്തത്. ഞാൻ ഷൂട്ട് ചെയ്യുന്ന ഓരോ ഡയലോഗിന്‍റെയും അർത്ഥം എനിക്ക് മനസ്സിലായി. അങ്ങനെ എന്‍റെ കുറ്റബോധം കുറച്ചു കുറഞ്ഞു" -നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു. 

2019-ൽ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് പേട്ട. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. രജനികാന്തിന്‍റെ പ്രകടനവും സാങ്കേതിക വശങ്ങളും ആക്ഷൻ സീക്വൻസുകളും പ്രശംസിക്കപ്പെട്ടപ്പോൾ, ചിത്രത്തിന്‍റെ തിരക്കഥ വിമർശനങ്ങൾ നേരിട്ടു. സണ്‍ പിക്ചേര്‍സായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. 

'പാന്‍ ഇന്ത്യന്‍ ഫീല്‍ വേണം': രാജമൗലിയുടെ അടുത്ത ചിത്രത്തിന് ഇടാന്‍ വച്ച പേരുകള്‍ ചോര്‍ന്നു.!

നല്ല പ്രൊജക്ടുകള്‍ വരട്ടെ ഹോളിവുഡില്‍ മാത്രമല്ല മലയാളത്തിലും അഭിനയിക്കും: ആലിയ ഭട്ട്

click me!