വിപുല്‍ അമൃത്‍ലാല്‍ ഷാ സംവിധാനം ചെയ്ത ചിത്രം
ഹോളിവുഡില്‍ മുന്‍പേ ഉണ്ടായിരുന്ന റീ റിലീസ് ട്രെന്‍ഡ് ഇന്ത്യന്‍ സിനിമയില്‍ കാര്യമായി തുടങ്ങിയത് സമീപ വര്‍ഷങ്ങളിലാണ്. മുന്‍പ് ഫിലിം പ്രൊജക്ഷന്‍റെ കാലത്ത് ലിമിറ്റഡ് റീ റിലീസുകള്‍ സംഭവിച്ചിരുന്നെങ്കിലും വലിയ സ്ക്രീന്‍ കൗണ്ടോടെ പഴയകാല ചിത്രങ്ങള്‍ എത്താന്‍ തുടങ്ങിയത് ഇപ്പോഴാണ്. എന്നാല്‍ ഈ ട്രെന്‍ഡിലും ആളുകള്‍ക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന തോന്നലാണ് അത്തരത്തില്‍ പുതുതായി എത്തുന്ന പല ചിത്രങ്ങള്‍ക്കും ലഭിക്കുന്ന കളക്ഷന്‍ കണ്ടാല്‍ തോന്നുക. ഇപ്പോഴിതാ അക്ഷയ് കുമാര്‍ നായകനായ ഒരു പഴയ ചിത്രത്തിന്‍റെ റീ റിലീസ് സംബന്ധിച്ച കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
അക്ഷയ് കുമാര്‍, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപുല്‍ അമൃത്‍ലാല്‍ ഷാ സംവിധാനം ചെയ്ത നമസ്തേ ലണ്ടന്‍ എന്ന ചിത്രമാണ് ഹോളിക്ക് വീണ്ടും തിയറ്ററുകളില്‍ എത്തിയത്. 2007 ല്‍ ഒറിജിനല്‍ റിലീസ് നടന്ന ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ കൊയ്‍മൊയ്‍യുടെ കണക്ക് പ്രകാരം രാജ്യമൊട്ടാകെ ചാര്‍ട്ട് ചെയ്ത 75 ല്‍ അധികം ഷോകളില്‍ നിന്നായി ആദ്യദിനത്തിലേക്ക് അഡ്വാന്‍സ് ബുക്കിംഗ് നടന്നത് ചിത്രത്തിന്‍റെ 985 ടിക്കറ്റുകള്‍ മാത്രമാണ്. 10 മുതല്‍ 20 ലക്ഷം വരെ മാത്രമാണ് റീ റിലീസിന്‍റെ ആദ്യ ദിനത്തില്‍ നിന്ന് ചിത്രത്തിന് ലഭിക്കുക എന്നാണ് കൊയ്‍മൊയ് പറയുന്നത്.
31 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. 2007 ല്‍ പുറത്തെത്തിയപ്പോള്‍ 38 കോടി കളക്റ്റ് ചെയ്ത് ആവറേജ് ഹിറ്റ് ആയിരുന്നു. റീ റിലീസിലൂടെ കൂടുതല്‍ കളക്ഷന്‍ നേടാമെന്ന നിര്‍മ്മാതാക്കളുടെ പ്രതീക്ഷ അസ്ഥാനത്തായിരിക്കുമെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാനാവുന്നത്. അതേസമയം സനം തേരി കസം അടക്കമുള്ള, ഹിന്ദിയില്‍ നിന്ന് സമീപകാലത്ത് എത്തിയ ചില റീ റിലീസ് ചിത്രങ്ങള്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍