നാദിര്‍ഷയുടെ പുതിയ ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' ഇന്ന് തിയറ്ററുകളില്‍
സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എക്കാലത്തും എക്സ്പെരിമെന്‍റ് നടത്തിയിട്ടുള്ള താരമാണ് മമ്മൂട്ടി. വിവിധങ്ങളായ ജോണറുകളില്‍ വ്യത്യസ്തങ്ങളായ സിനിമകള്‍ എപ്പോള്‍ മുന്നിലെത്തിയാലും അദ്ദേഹം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. നാദിര്‍ഷയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട സിനിമയായിരുന്നു ഐ ആം എ ഡിസ്കോ ഡാന്‍സര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ഈ ചിത്രത്തെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകള്‍ ഒന്നുംതന്നെ എത്തിയില്ല. ഇപ്പോഴിതാ ആ ചിത്രം യാഥാര്‍ഥ്യമാകാത്തതിന്‍റെ കാരണം പറയുകയാണ് നാദിര്‍ഷ. പ്രോജക്റ്റിലുള്ള ആത്മവിശ്വാസക്കുറവാണ് കാരണമെന്ന് നാദിര്‍ഷ പറയുന്നു.
ഇന്ന് റിലീസ് ആകുന്ന തന്‍റെ പുതിയ ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി സ്റ്റോര്‍ക് മാജിക് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് നാദിര്‍ഷയുടെ പ്രതികരണം. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പ്രോജക്റ്റ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് താനും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് നാദിര്‍ഷയുടെ ആദ്യ പ്രതികരണം. പിന്നീടാണ് ഐ ആം എ ഡിസ്കോ ഡാന്‍സര്‍ എന്ന മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന നാദിര്‍ഷ- മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് നാദിര്‍ഷ പ്രതികരിക്കുന്നത്.
"മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞിട്ടുണ്ടായിരുന്നു. ഐ ആം എ ഡിസ്കോ ഡാന്‍സര്‍ എന്ന് പറഞ്ഞിട്ട് ഒരു സബ്ജക്റ്റ്. മിമിക്രിയിലുള്ള പറവൂര്‍ രാജേഷും പാണാവള്ളി രാജേഷും ചേര്‍ന്നെഴുതിയ തിരക്കഥ. രസമാണ്. ചിരിക്കാനൊക്കെയുള്ള ഒരു സാധനം. കുഴപ്പം എന്താണെന്നുവെച്ചാല്‍ കൊവിഡിനും ഒരു രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്. ഇപ്പോള്‍ അഞ്ചാറ് വര്‍ഷം ആയില്ലേ? ആ വര്‍ഷങ്ങളുടെ വ്യത്യാസം ആ സബ്ജക്റ്റിനും ഉണ്ട്. പിന്നെ, മമ്മൂക്ക മാറി. മമ്മൂക്കയുടെ രൂപത്തിന് മാറ്റമില്ല എന്നേയുള്ളൂ. പക്ഷേ വേറൊരു തലത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ നമ്മള്‍ ഒരു തമാശ കഥാപാത്രവുമായി ചെന്നിട്ട് ചീറ്റിപ്പോയാല്‍ മമ്മൂക്കയ്ക്ക് ഒന്നും പറ്റില്ല, നമ്മളെ ഒന്നും പറയുകയുമില്ല. ആ പഴയ സ്നേഹമൊക്കെത്തന്നെ വീണ്ടും ഉണ്ടാവും. പക്ഷേ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാന്‍സ് ദേഷ്യത്തില്‍ ചിലപ്പോള്‍ നമ്മളെ തല്ലിക്കൊന്നുകളയും. എന്തിനാണ് വെറുതെ"?, നാദിര്‍ഷ പറഞ്ഞവസാനിപ്പിക്കുന്നു.
ചിത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാദിര്‍ഷ പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നു- "ഐ ആം എ ഡിസ്‌ക്കോ ഡാൻസർ, മമ്മൂക്ക കഥ കേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ള സിനിമയാണ്. മമ്മൂക്കയുടെ ഇപ്പോഴുള്ള സിനിമകളുടെ ചിത്രീകരണം എല്ലാം പൂർത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്. അത്തരത്തിൽ ഒരു അവസരം കിട്ടുമ്പോൾ അതിനെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്. നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെൻറ്റുകൾ ഉപയോഗിച്ച് പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും 'ഐ ആം എ ഡിസ്‌ക്കോ ഡാൻസർ", പ്രഖ്യാപന സമയത്ത് നാദിര്‍ഷ പറഞ്ഞിരുന്നു.
undefined
ALSO READ : ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന് 1.8 കോടി രൂപ നല്‍കാന്‍ ഡിസ്‍നി സ്റ്റാർ ഇന്ത്യ