ഓഫ്‌ലൈനിലും ഓൺലൈനിലും അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ഗോപി സുന്ദര്‍.
നടി ഹണി റോസിന്റെ പരാതിയും തുടർന്ന് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതും വലിയ ചർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, സംഗീത സംവിധായകൻ ഗോപി സുന്ദർ പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുന്നു. സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദർ പറയുന്നു. ഓഫ്‌ലൈനിലും ഓൺലൈനിലും അഭിപ്രായങ്ങൾ പോസ്റ്റു ചെയ്യുന്നതിന് മുമ്പ് ചിന്തിക്കണമെന്നും ഗോപി പറഞ്ഞു.
"സോഷ്യൽ മീഡിയകൾ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം. ഓഫ്‌ലൈനിലും ഓൺലൈനിലും നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ചിന്തിക്കണം. മറ്റുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും പെരുമാറണം. അങ്ങനെ ചെയ്യേണ്ടത് എല്ലായ്പ്പോഴും പ്രധാനമാണ്. സുരക്ഷിതരായിരിക്കുക, പോസിറ്റീവായ ഡിജിറ്റൽ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുക. ഒരു പണി വരുന്നുണ്ടവറാച്ചാ..", എന്നായിരുന്നു ഗോപി സുന്ദറിന്റെ വാക്കുകൾ.
കഴിഞ്ഞ കുറേക്കാലമായി സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളും നേരിടുന്ന ആളാണ ്ഗോപി സുന്ദര്‍. വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടാണിത്. പലപ്പോഴും വിമര്‍ശകര്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയും ഗോപി നല്‍കാറുണ്ട്. ഇത്തരം മോശം കമന്‍റുകള്‍ ചെയ്യുന്നവര്‍ക്കുള്ള ഗോപി സുന്ദറിന്‍റെ താക്കീതാണ് പുതിയ പോസ്റ്റ് എന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ജാമ്യ ഹര്‍ജി കോടതി നിക്ഷേധിച്ചു. പിന്നാലെ ബോബിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്യാനും ഉത്തരവായി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി പ്രകാരം ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലേക്ക് കൊണ്ടു പോകുകയാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..