1963 ൽ സ്വന്തം കഥയായ 'മുറപ്പെണ്ണി'ന് തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വച്ചത്
സാഹിത്യത്തില്‍ നിന്ന് സിനിമയിലെത്തി എംടിയെപ്പോലെ ശോഭിച്ച അധികം പേരില്ല. ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്ക് തന്നെ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ എം ടി പിന്നീട് മലയാള സിനിമയ്ക്ക് നൽകിയത് ഇരുട്ടിന്‍റെ ആത്മാവും പരിണയവും ഒരു വടക്കന്‍ വീരഗാഥയും അടക്കമുള്ള, കാലം മായ്ക്കാത്ത ചിത്രങ്ങളാണ്.
1958ൽ നാല് കെട്ട് പ്രസിദ്ധീകരിച്ച് മലയാള സാഹിത്യത്തിൽ വരവറിയിച്ച എം ടി വാസുദേവൻ നായർ 1963 ൽ സ്വന്തം കഥയായ 'മുറപ്പെണ്ണി'ന് തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവട് വെച്ചത്. 69 ൽ ഓളവും തീരവുമെന്ന പി എൻ മേനോന്റെ മാസ്റ്റർപീസിന് തിരക്കഥയൊരുക്കി. സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിച്ച ആദ്യ മലയാള സിനിമയായിരുന്നു ഓളവും തീരവും. മുറപ്പെണ്ണ്, മമ്മൂട്ടി തിരശ്ശീലയിലാദ്യമായി മുഖം കാണിച്ച വിൽക്കാനുണ്ട് സ്വപ്നങ്ങൾ തുടങ്ങിയ ചിത്രങ്ങൾ പിന്നാലെയെത്തി. അസുരവിത്തും ഇരുട്ടിന്റെ ആത്മാവുമൊക്കെ തമിഴ് സ്വാധീനമുള്ള നാടകീയ സിനിമകളിൽ നിന്ന് മലയാള സിനിമയെ വേറിട്ടു നിർത്തി.
undefined
എൺപതുകളിലും തൊണ്ണൂറുകളിലും ഐവി ശശിയും ഹരിഹരനുമായി കൈ കോർത്ത് എം ടി മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ചു. ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, അഭയം തേടി തുടങ്ങിയവയാണ് എംടിയുടെ ശ്രദ്ധനേടിയ ഐ വി ശശി ചിത്രങ്ങൾ. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ തുടങ്ങിയ സിനിമകളിലുടെ തുടങ്ങിയ എംടി- ഹരിഹരൻ കൂട്ട് കെട്ട് ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും പോലുള്ള മെഗാ സിനിമകളിലേക്ക് വളർന്നു. വടക്കൻ വീരഗാഥ അതേ വരെ കേട്ട വടക്കൻ പാട്ടിനെ തിരുത്തി. മലയാളി ആവർത്തിച്ച് പറയുന്ന പഞ്ച് ഡയലോഗുകൾ പലതും എം ടി സിനിമകളിലേതാണ്. ഹരിഹരൻ സംവിധാനം ചെയ്യുമെന്ന് കരുതിയ രണ്ടാമൂഴമെന്ന സിനിമ പക്ഷെ പല കാരണങ്ങളാൽ നടന്നില്ല. തിരക്കഥ പിന്നീട് ശ്രീകുമാർ മേനോന് കൈമാറിയെങ്കിലും അത് തർക്കമായി മാറി.
ഭരതന് വേണ്ടി എം ടി തിരക്കഥയൊരുക്കിയ വൈശാലിയും താഴ്വാരവും ക്ലാസിക്കുകളായി വാഴ്ത്തപ്പെട്ടു. പുതിയ കാലത്തെ പല സിനിമക്കാരും പാഠപുസ്തകമെന്നാണ് മോഹൻലാൽ നായകനായെത്തിയ താഴ്വാരത്തെ വിശേഷിപ്പിക്കാറുള്ളത്. പവിത്രനോടൊപ്പം ഒരുക്കിയ ഉത്തരമെന്ന സിനിമ മറ്റൊരു ചലച്ചിത്രകാരനും കൈവെക്കാത്ത വഴിയിലൂടെ എംടി സഞ്ചരിച്ചതിന്‍റെ ഉദാഹരണമാണ്. കുറ്റാന്വേഷണ സിനിമകളിൽ വേറിട്ടു നിൽക്കുന്നു ഈ ചിത്രം. സദയം, പെരുന്തച്ചൻ എന്നി എംടി തിരക്കഥകളും മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇടം നേടി.
സത്യജീത്ത് റായ്ക്ക് സൗമിത്ര ചാറ്റര്‍ജിയെന്നപോലെ മമ്മൂട്ടിയായിരുന്നു എംടിക്ക് പ്രിയപ്പെട്ട നടൻ. ഏറ്റവും കൂടിതൽ എംടി സിനിമകളിൽ നായകനായതും മമ്മൂട്ടിയാണ്. ആറ് സിനിമകളാണ് എംടി സംവിധാനം ചെയ്തത്. ആദ്യ ചിത്രമായ നിർമാല്യം 1973 ലെ രാജ്യത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി. ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നിവയാണ് എം ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത മറ്റു സിനിമകൾ.
ഒട്ടേറെ അന്താരാഷ്ട്രബഹുമതികള്‍ നേടിയിട്ടുണ്ട് എം ടി സംവിധാനം ചെയ്ത സിനിമകൾ. 'നിര്‍മാല്യം' ജക്കാര്‍ത്ത ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ഏഷ്യന്‍ ഫിലിം എന്ന നിലയില്‍ 'ഗരുഡ അവാര്‍ഡ്' നേടി. ജപ്പാനിലെ ഓക്കയാമാ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച എംടിയുടെ കടവിന് ഗ്രാന്‍പ്രി അവാര്‍ഡ് ലഭിച്ചു. ഇതേ ചിത്രം സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ് എന്ന നിലയില്‍ 'സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡി'നും 1991 ല്‍ ദേശീയ അവാര്‍ഡിനും അര്‍ഹമായി.
തിരക്കഥാരചനയ്ക്ക് നാലു തവണ ദേശീയ ബഹുമതി ലഭിക്കുക എന്ന അപൂര്‍വതയും എംടിയ്ക്കുണ്ട്. 2013 ൽ ചലച്ചിത്ര രംഗത്തെ സംഭാവനകൾ മാനിച്ച് സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം അദ്ദേഹത്തിന് നൽകി. രണ്ടാമൂഴമെന്ന സ്വപ്നം ബാക്കിയാക്കിയാണ് എംടി കടന്നു പോയത്. ഭീമനെന്ന മഹാഭാരതകഥാപാത്രം നായകനാകുന്ന ബഹുഭാഷാ സിനമയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. പൂനെയടക്കം രാജ്യത്തെ ചലച്ചിത്ര പാഠശാലകളിലെല്ലാം പഠിപ്പിച്ചിട്ടുണ്ട് എംടി. സിനിമയെന്ന കലാരൂപത്തെ സ്നേഹിക്കുന്നവക്ക് അദ്ദേഹമൊരു അധ്യാപകൻ മാത്രമല്ല പാഠപുസ്തകം തന്നെയാണ്. രാകി മിനുക്കിയ ശില്പമായിരുന്നു എംടിയുടെ തിരക്കഥകൾ.
ALSO READ : തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ചിരഞ്ജീവി, അല്ലു അരവിന്ദ് അടക്കമുള്ളവര്‍