മലയാളി താരങ്ങളേ, ഇതിലേ ഇതിലേ; മോളിവുഡ് താരങ്ങള്‍ക്ക് വമ്പന്‍ പ്രോജക്റ്റുകളുമായി തെലുങ്ക് സിനിമ

By Web TeamFirst Published Jul 4, 2024, 5:03 PM IST
Highlights

കൊവിഡ് കാലമാണ് മുഖ്യധാരാ മലയാള സിനിമയെ ഇന്ത്യ മുഴുവനുമുള്ള വ്യത്യസ്ത ഭാഷക്കാരായ സിനിമാപ്രേമികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്

പാന്‍- ഇന്ത്യന്‍ സിനിമയെന്ന പ്രയോഗത്തിന് തുടക്കമിട്ടത് എസ് എസ് രാജമൗലിയുടെ 2015 ചിത്രം ബാഹുബലി ആയിരുന്നു. രാജ്യമൊട്ടുക്കും ഒരേപോലെ സ്വീകാര്യത നേടിയ ബാഹുബലിയുടെ വഴി പിന്‍തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ തെന്നിന്ത്യയില്‍ നിന്ന് പിന്നാലെയെത്തി. എല്ലാ ഭാഷാ പ്രേക്ഷകര്‍ക്ക് മുന്നിലേക്കും എത്തുന്ന ചിത്രങ്ങള്‍ എന്ന നിലയില്‍ പല ഭാഷാ ചിത്രങ്ങളിലെ താരങ്ങളെ കഥാപാത്രങ്ങളാക്കുന്ന പതിവിലേക്കും പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ എത്തി. അക്കൂട്ടത്തില്‍ ഏറ്റവും സാധ്യത തുറന്നുകിട്ടിയത് മലയാളി താരങ്ങള്‍ക്കാണ്.

കൊവിഡ് കാലമാണ് മുഖ്യധാരാ മലയാള സിനിമയെ ഇന്ത്യ മുഴുവനുമുള്ള വ്യത്യസ്ത ഭാഷക്കാരായ സിനിമാപ്രേമികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. കുമ്പളങ്ങി നൈറ്റ്സ് അതിന് മുന്‍പേ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരുന്നുവെങ്കിലും അതിനെ പിന്തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങള്‍ കൊവിഡ് കാലത്ത് എത്തി. മറ്റ് ഭാഷാസിനിമകളില്‍ നിന്ന് മലയാളത്തിനുള്ള വ്യത്യാസം മനസിലാക്കിയ മറുഭാഷാ പ്രേക്ഷകര്‍ മലയാള സിനിമകളെയും താരങ്ങളെയും കാര്യമായി ഫോളോ ചെയ്യാന്‍ തുടങ്ങി. മലയാളി താരങ്ങളില്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് പോലും ആദ്യമെത്തിയ നടന്‍ ഫഹദ് ഫാസില്‍ ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രമാണ് ഫഹദിനെ ജനപ്രിയനാക്കിയത്. ഒപ്പം പിന്നീടെത്തിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ പ്രതിനായക കഥാപാത്രവും. പുഷ്പ ആദ്യ ഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ എത്തിയെന്ന് പറയുമ്പോള്‍ ചിത്രം ഫഹദിനും ഉണ്ടാക്കിക്കൊടുത്ത റീച്ച് മനസിലാക്കാനാവും.

Latest Videos

 

പാന്‍ ഇന്ത്യന്‍ റീച്ചില്‍ ഇന്ന് ബോളിവുഡിനെപ്പോലും മറികടന്നിരിക്കുന്ന തെലുങ്ക് സിനിമയിലെ പ്രധാന പ്രോജക്റ്റുകളില്‍ മിക്കതിലും ഇന്ന് മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ട്. അതും പ്രധാന റോളുകളില്‍. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ തെലുങ്കില്‍ നായകവേഷത്തിലേക്കുമുള്ള ഓപ്ഷനായി മാറിക്കഴിഞ്ഞു. ഇതില്‍ ദുല്‍ഖര്‍ ഇതിനകം തെലുങ്കില്‍ നായകനായി എത്തിയിട്ടുണ്ട്. 2018 ല്‍ പുറത്തെത്തിയ മഹാനടിയും 2022 ല്‍ പുറത്തെത്തിയ സീതാരാമവുമായിരുന്നു ചിത്രങ്ങള്‍. പഴയകാല നടി സാവിത്രിയുടെ ജീവിതം പറഞ്ഞ, നായികാപ്രാധാന്യമുള്ള മഹാനടിയില്‍ ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തിയത്. മഹാനടിയും സീതാരാമവും ബോക്സ് ഓഫീസില്‍ വിജയവും ആയിരുന്നു. ഏറ്റവും പുതിയ ചിത്രം കല്‍ക്കി 2898 എഡിയില്‍ പ്രധാന്യമുള്ള അതിഥിവേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. അദ്ദേഹത്തിന്‍റെ അടുത്ത സോളോ റിലീസും തെലുങ്കില്‍ നിന്നുതന്നെ. വെങ്കി അട്‍ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കര്‍ ആണ് ചിത്രം.

അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയിലൂടെ ശ്രദ്ധേയ അരങ്ങേറ്റമാണ് ഫഹദ് ഫാസിലിന് ലഭിച്ചത്. ഡിസംബര്‍ 6 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന പുഷ്പ 2 ല്‍ ഫഹദിന്‍റെ എസ്‍പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് കൂടുതല്‍ പ്രാധാന്യത്തോടെ എത്തുമെന്നാണ് അറിയുന്നത്. ബാഹുബലി നിര്‍മ്മാതാക്കളായ അര്‍ക മീഡിയ വര്‍ക്സിന്‍റെ നിര്‍മ്മാണത്തില്‍ ഫഹദ് ഫാസില്‍ നായകനായി രണ്ട് തെലുങ്ക് ചിത്രങ്ങള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഡോണ്‍ട് ട്രബിള്‍ ദി ട്രബിള്‍, ഓക്സിജന്‍ എന്നിവയാണ് അവ. 

 

പൊലീസ് പൊലീസ് എന്ന ചിത്രത്തിലൂടെ 2010 ല്‍ തെലുങ്കില്‍ അരങ്ങേറ്റം നടത്തിയ ആളാണ് പൃഥ്വിരാജ് സുകുമാരനെങ്കിലും കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍ ആണ് അദ്ദേഹത്തെ ടോളിവുഡ് പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കിയത്. സലാര്‍ 2 നൊപ്പം മറ്റൊരു ശ്രദ്ധേയ ചിത്രത്തിലും അദ്ദേഹത്തിന്‍റെ പേര് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ആര്‍ആര്‍ആറിന് ശേഷം സാക്ഷാല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തിലാണ് ഇത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ പ്രതിനായകനായാവും പൃഥ്വിരാജ് എത്തുക. ഈ കാസ്റ്റിംഗ് യാഥാര്‍ഥ്യമായാല്‍ സലാറിനേക്കാള്‍ വലിയ ബ്രേക്ക് ആവും പാന്‍ ഇന്ത്യന്‍ തലത്തില്‍ പൃഥ്വിരാജിന് ലഭിക്കുക.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും; 'വിശേഷം' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!