'റാമി'ല്‍ പ്രതീക്ഷയുമായി ആരാധകര്‍, മോഹൻലാല്‍ ചിത്രം അവസാന ഷെഡ്യൂള്‍ ഉടൻ

By Web Team  |  First Published Mar 4, 2023, 5:02 PM IST

മോഹൻലാലിന്റെ 'റാം' ചിത്രീകരണം ഇനി ഒരു ഷെഡ്യൂള്‍ മാത്രം.


'ദൃശ്യം 2'നു ശേഷം ജീത്തുവിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്ന 'റാമി'ല്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. 'റാം മോഹൻ' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. കൊവിഡ് കാരണം ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്. എന്തായാലും 'റാമി'ന്റെ ചിത്രീകരണം വൈകാതെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫൈനല്‍ ഷെഡ്യൂള്‍ ഏപ്രിലിലാണ് തുടങ്ങുക.  പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി 'റാമിന്റേ'തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാല്‍ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു.

Latest Videos

'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രത്തിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ചിത്രീകരണം.

'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: 'സൂര്യ 42'ന്റെ റിലീസിനായി കാത്തിരിപ്പ്, റെക്കോര്‍ഡ് പ്രീ ബിസിനസ് എന്ന് റിപ്പോര്‍ട്ട്

tags
click me!