ആ പ്രോജക്റ്റ് ഇനി ഒഫിഷ്യല്‍; മോഹന്‍ലാല്‍- ലിജോ ചിത്രത്തിന്‍റെ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

By Web Team  |  First Published Oct 23, 2022, 2:03 PM IST

പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ്


ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രോജക്റ്റ് സംബന്ധിച്ച ആദ്യ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു ഉദ്ഘാടനം ചെയ്‍തത്. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ പുതിയ അപ്ഡേറ്റ്.

പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ്. "പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു  കിടിലം സർപ്രൈസ്  കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം", എന്നാണ് പോസ്റ്ററുകള്‍ക്കൊപ്പമുള്ള കുറിപ്പ്. നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റ് ആണ് എന്നതിന് ഇതിലും വലി തെളിവ് ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയെ ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്.

Latest Videos

ALSO READ : 'എത്രയോ നല്ല എന്‍റര്‍ടെയ്‍നര്‍'; മോണ്‍സ്റ്ററിനെ പ്രശംസിച്ച് ഒമര്‍ ലുലു

യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം ഇന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റും ചെയ്തിരുന്നു. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

L - LJP! ❤️ - pic.twitter.com/VS9YiKkwzb

— Filmy Monks (@filmy_monks)

മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്കവാറും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇതാവും. 

click me!