ടിനു പാപ്പച്ചനും ഭദ്രനുമുള്‍പ്പെടെ സംവിധായകര്‍; ജനത പിക്ചേഴ്സിന്‍റെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

By Web Team  |  First Published Jan 5, 2023, 10:11 PM IST

ആറ് ചിത്രങ്ങളില്‍ രണ്ടെണ്ണം സംവിധാനം ചെയ്യുന്നത് സുരേഷ് ബാബുവാണ്


ജനത മോഷന്‍ പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ആറ് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. തിരക്കഥാകൃത്ത് സുരേഷ് ബാബു, ഉണ്ണി രവീന്ദ്രന്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ജനത പിക്ചേഴ്സ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇന്ന് വൈകിട്ടാണ് ചിത്രങ്ങളുടെ പ്രഖ്യാപനം നടന്നത്.

ജനത പിക്ചേഴ്സിന്‍റേതായി വരാനിരിക്കുന്ന ആറ് ചിത്രങ്ങളില്‍ രണ്ടെണ്ണം സംവിധാനം ചെയ്യുന്നത് സുരേഷ് ബാബു തന്നെയാണ്. ഈ ചിത്രങ്ങളുടെ രചനയും സുരേഷ് ബാബു തന്നെ. മനോഹരനും ജാനകിയും എന്നാണ് ഇതില്‍ ഒരു ചിത്രത്തിന്‍റെ പേര്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആര്യബഡ എന്നാണ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പേര്. ഷെയ്ന്‍ നിഗമാണ് ഇതിലെ നായകന്‍.

Latest Videos

 

സ്റ്റാര്‍ട്ട് ആക്ഷന്‍ സാവിത്രി എന്ന കൌതുകകരമായ പേരുമായാണ് മൂന്നാമത്തെ ചിത്രം എത്തുന്നത്. നവ്യ നായര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം രതീഷ് കെ രാജന്‍ ആണ്. പുതുതലമുറയിലെ രണ്ട് ശ്രദ്ധേയ സംവിധായകരും ഒപ്പം ഭദ്രനുമാണ് മറ്റ് മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ടിനു പാപ്പച്ചന്‍, തരുണ്‍ മൂര്‍ത്തി എന്നിവരാണ് ആ സംവിധായകര്‍. എന്നാല്‍ ഈ മൂന്ന് ചിത്രങ്ങളിലെയും കേന്ദ്ര കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല. തിരക്കഥ പൂര്‍ത്തിയാവുന്ന മുറയ്ക്ക് താരങ്ങളെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിക്കും.

ALSO READ : മുംബൈ, ചെന്നൈ, ബം​ഗളൂരു; കേരളത്തിന് പുറത്ത് വന്‍ റിലീസുമായി 'മാളികപ്പുറം'

മോഹന്‍ലാലിനൊപ്പം ഭദ്രന്‍, ബ്ലെസി, ബി ഉണ്ണികൃഷ്ണന്‍, പത്മകുമാര്‍, എബ്രിഡ് ഷൈന്‍, നവ്യ നായര്‍, ടിനു പാപ്പച്ചന്‍, ജിനു വി എബ്രഹാം, തരുണ്‍ മൂര്‍ത്തി, ബി കെ ഹരിനാരായണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

click me!